റിയാദ് - ഈ വർഷം മൂന്നാം പാദത്തിൽ രാജ്യത്തെ ടെലികോം കമ്പനികൾക്കെതിരെ ഉപയോക്താക്കളിൽനിന്ന് 11,504 പരാതികൾ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി). ടെലികോം കമ്പനികൾക്ക് നൽകിയിട്ടും പരിഹാരമാകാത്ത പരാതികളാണ് സി.ഐ.ടി.സി സ്വീകരിക്കുന്നത്.
രണ്ടാം പാദത്തിൽ സി.ഐ.ടി.സിക്ക് 12,076 പരാതികൾ ലഭിച്ചിരുന്നു. ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ടെലികോം കമ്പനികൾക്ക് അനുവദിച്ച സമയം പതിനഞ്ചിൽനിന്ന് അഞ്ചു ദിവസമായി കുറച്ചിട്ടുണ്ട്. പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്ന ടെലികോം കമ്പനികൾക്കെതിരെ സി.ഐ.ടി.സി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നുമുണ്ട്.
ഉപയോക്താക്കളുടെ പരാതികൾ പരിഗണിച്ച് പരിഹരിക്കുന്ന കാര്യത്തിൽ മൊബൈലിയും എസ്.ടി.സിയും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് മൊബൈലിയാണ്. ഈ രംഗത്ത് വിർജിൻ മൊബൈലിന്റെയും ലിബാറയുടെയും പ്രകടനം കൂടുതൽ മോശമായി. ഉപയോക്താക്കളിൽ നിന്ന് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് സെയ്ൻ കമ്പനിക്കെതിരെയാണ്. ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് ലിബാറ, വിർജിൻ മൊബൈലൽ ഉപയോക്താക്കളിൽ നിന്നാണ്.
ഒരു ലക്ഷം ഉപയോക്താക്കളിൽ രണ്ടു പരാതികൾ തോതിൽ ലിബാറക്കും മൂന്നു പരാതികൾ വീതം വിർജിൻ മൊബൈലിനും എതിരെ മൂന്നാം പാദത്തിൽ ലഭിച്ചു. ഒരു ലക്ഷം ഉപയോക്താക്കളിൽ 14 പരാതികൾ വീതം സെയ്ൻ ഉപയോക്താക്കളിൽനിന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് ലഭിച്ചു. എസ്.ടി.സിക്കെതിരെ പന്ത്രണ്ട് പരാതികൾ തോതിലും മൊബൈലിക്കെതിരെ ഒമ്പതു പരാതികൾ വീതവും ഇക്കാലയളവിൽ ലഭിച്ചു.
ലാന്റ് ഫോൺ സേവന മേഖലയിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് എസ്.ടി.സിക്ക് എതിരെയാണ്. ഒരു ലക്ഷം ഉപയോക്താക്കളിൽ 146 പരാതികൾ വീതം സൗദി ടെലികോം കമ്പനിക്കെതിരെ ലഭിച്ചു. ഇത്തിഹാദ് അദീബ് കമ്പനി (ഗോ) ക്കെതിരെ 99 പരാതികൾ വീതവും മൊബൈലിക്കെതിരെ 62 പരാതികൾ വീതവുമാണ് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലഭിച്ചതെന്നും കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ പറഞ്ഞു.