റിയാദ് - അഴിമതി വിരുദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന മൂന്നു സർക്കാർ ഏജൻസികളെ പരസ്പരം ലയിപ്പിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. കൺട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ്, അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ എന്നിവയെ ദേശീയ അഴിമതി വിരുദ്ധ കമ്മീഷനിൽ കൂട്ടിച്ചേർത്ത് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ എന്ന പേരിൽ പുതിയ ഏജൻസി സ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമാനുസൃത നടപടികൾ പൂർത്തിയാകുന്നതു വരെ കൺട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് പ്രസിഡന്റിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ പ്രസിഡന്റിന്റെയും അധികാരങ്ങൾ വഹിക്കുന്നതിന് ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അഴിമതിയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ അന്വേഷണം നടത്തുന്നതിന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷനിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് പ്രോസിക്യൂഷൻ യൂനിറ്റ് എന്ന പേരിൽ പ്രത്യേക വിഭാഗം സ്ഥാപിക്കും. കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷന് ശാഖകളില്ലാത്ത പ്രവിശ്യകളിൽ അഴിമതി കേസുകളിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം തുടരുന്നതിന് അറ്റോർണി ജനറലുമായി ഏകോപനം നടത്തുന്നതിന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെങ്ങുമുള്ള അഴിമതി കേസുകൾ വിചാരണ ചെയ്യുന്നതിന്റെ അധികാരം റിയാദിലെ പ്രത്യേക കോടതിയിൽ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ പ്രത്യേക കോടതി കുറ്റക്കാരായി വിധിക്കുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടും.
സർക്കാർ ജീവനക്കാരായ സിവിൽ, സൈനിക ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും അടക്കം മുഴുവൻ അഴിമതി കേസ് പ്രതികൾക്കുമെതിരെ നടപടികളെടുക്കുന്ന ചുമതല കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷന് നൽകിയിട്ടുണ്ട്. സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം ഏതെങ്കിലും ഉദ്യോഗസ്ഥന്റെ സമ്പത്ത് സ്വന്തം വരുമാനത്തിനും മറ്റു വരുമാന സ്രോതസ്സുകൾക്കും നിരക്കാത്ത നിലക്ക് ഉയർന്നതായി കണ്ടെത്തിയാൽ അവ നിയമാനുസൃത രീതിയിലാണ് സമ്പാദിച്ചതെന്ന് തെളിയിക്കുന്ന ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കും. സമ്പത്തിന്റെ നിയമ സാധുത തെളിയിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരായ സാമ്പത്തികാന്വേഷണ റിപ്പോർട്ട് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷനിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് പ്രോസിക്യൂഷൻ യൂനിറ്റിന് കൈമാറണമെന്നും രാജകൽപന അനുശാസിക്കുന്നു.
കൺട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം അൽഹുസൈനെ പദവിയിൽ നിന്ന് നീക്കി ശൂറാ കൗൺസിൽ അംഗമായി നിയമിച്ചിട്ടുണ്ട്. വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയായ ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെയും നിയമിച്ചു.