തലശ്ശേരി- തലശ്ശേരി വടക്കുമ്പാട്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. വടക്കുമ്പാട് കമ്യൂണിറ്റി ഹാളിന് സമീപത്തെ ഷമീനയുടെ മകനായ 13 കാരനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പരീക്ഷക്ക് പോകാനായി കുട്ടി വീട്ടില്‍ നിന്നിറങ്ങി വരവെ അപരിചിതനായ യുവാവ് കുട്ടിയെ കടന്നു പിടിക്കുകയും വായ പൊത്തിപ്പിടിക്കുകയും ചെയ്തു. തന്നെ ആക്രമിക്കുമെന്ന് കണ്ടതിനെ തുടര്‍ന്ന് യുവാവിന്റെ കയ്യില്‍ കടിച്ച് 13 കാരന്‍ കുതറിയോടുകയായിരുന്നു. ഇതോടെ ശ്രമം ഉപേക്ഷിച്ച് യുവാവ് തലശ്ശേരി-മമ്പറം റോഡിലേക്ക് ഓടിപ്പോകുകയും ചെയ്തു. റോഡിലെത്തിയ യുവാവിനെ മറ്റൊരു യുവാവ് ബൈക്കിലെത്തി കൊണ്ടുപോകുന്നത് കണ്ടതായും വിദ്യാര്‍ഥി പറഞ്ഞു. സംഭവം നടന്ന ശേഷം വിദ്യാര്‍ഥി വിവരം ആരെയും അറിയിക്കാതെ സ്‌കൂളില്‍ പരീക്ഷക്ക് പോയി. വൈകിട്ട് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ ധര്‍മ്മടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്യസംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് പരിസരവാസിയായ ഒരു വീട്ടമ്മ വാട്‌സ്ആപ്പ് വഴി രക്ഷിതാക്കള്‍ക്ക് സന്ദേശമിട്ടതോടെയാണ് വിവരം നാട്ടുകാര്‍ അറിഞ്ഞത്.
കഴിഞ്ഞ ദിവസം ധര്‍മ്മടം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാലയാട് ചിറക്കുനിയിലും പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു.