തിരുവവന്തപുരം- പൗരത്വഭേദഗതി ബിൽ സംബന്ധിച്ചുള്ള നിയമം കേരളത്തിൽ നടപ്പാകില്ലെന്നും എല്ലാ മതങ്ങൾക്കും തുല്യഅവകാശമുള്ള ഭരണഘടനയുടെ തത്വങ്ങൾ അനുസരിച്ച് മാത്രമേ കേരള സർക്കാർ പ്രവർത്തിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പാക്കിസ്ഥാൻ വേണോ, മതേതരത്വമുള്ള ഇന്ത്യ വേണോ എന്ന ചോദ്യത്തിന് ഇന്ത്യ മതി എന്ന് വിശ്വസിച്ച് ലക്ഷകണക്കിന് ആളുകൾ ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. കാലങ്ങളായി ഇന്ത്യയിലേക്ക് വന്ന മുഴുവൻ ജനതയെയും ഉൾക്കൊണ്ടാണ് ഇന്ത്യ സമ്പുഷ്ടമായത്. ജനങ്ങളെ വർഗീയാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നത് ഇന്ത്യൻ സമൂഹത്തിന്റെ ശക്തി ചോർത്തിക്കളയും. ഭരണഘടനയുടെ അടിസ്ഥാനശിലയെ അട്ടിമറിക്കാനാകില്ലെന്ന് സുപ്രീം കോടതി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമവും നിയമപരിശോധനയിൽ പരാജയപ്പെടും. ജനാധിപത്യത്തെയും ഭരണഘടനയെയും പിച്ചിച്ചീന്താനുള്ള നീക്കമാണ് നടക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ചുവടുവെപ്പാണ് ഭരണകൂടത്തിന്റെത്. ഇതിനെതിരെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളുടെയും പിന്തുണവേണം. ഹിറ്റ്‌ലർ വിജയകരമായി പരീക്ഷിച്ച തന്ത്രമാണ് അമിത് ഷായും നടപ്പാക്കുന്നത്. അതിന് വലിയ ആയുസുണ്ടാകില്ല എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. അത്തരം നിയമം കേരളത്തിൽ നടപ്പാക്കുകയുമില്ലെന്നും പിണറായി വ്യക്തമാക്കി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.