Sorry, you need to enable JavaScript to visit this website.

അയര്‍ലന്‍ഡില്‍ നിന്നെത്തിയ മലയാളി യുവാവ് ഷാര്‍ജയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

ഷാര്‍ജ- ജോലി രാജിവയ്ക്കാനായി അയര്‍ലന്‍ഡില്‍ നിന്നും ഷാര്‍ജയിലെത്തി കാണാതായ മലയാളി യുവാവിനെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ ഒമ്പതു വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്ന പെരുമ്പാവൂര്‍ സ്വദേശി 35-കാരന്‍ ഡിക്‌സണെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭാര്യയെ സന്ദര്‍ശിക്കാന്‍ രണ്ടാഴ്ച മുമ്പ് അയര്‍ലന്‍ഡിലേക്ക് പോയതായിരുന്നു. പിന്നീട് ജോലി രാജിവയ്ക്കാന്‍ ജൂലൈ 30-നാണ് ഡിക്‌സണ്‍ ഷാര്‍ജയില്‍ തിരിച്ചെത്തിയത്. 

ചൊവ്വാഴ്ച മുതല്‍ കാണാതായ ഡിക്‌സണെ ബന്ധുക്കള്‍ക്ക് ഫോണിലും ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യയുമായി അവസാനമായി ഫോണില്‍ സംസാരിച്ചത് തിങ്കഴാഴ്ചയായിരുന്നു. പിന്നീട് ഫോണ്‍ വിളികള്‍ക്ക് മറുപടി ലഭിക്കാതായതോടെ യുഎഇയിലുള്ള ബന്ധുക്കളെ ഭാര്യ വിവരം അറിയിക്കുകയായിരുന്നു. ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. താമസ സ്ഥലത്തെത്തിയ ബന്ധുക്കള്‍ മുറി പൂട്ടിയിട്ടതായാണ് കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. 

പിന്നീട് ബന്ധുക്കള്‍ നടത്തിയ തിരിച്ചലിനിടെയാണ് ഷാര്‍ജ ലേഡീസ് ക്ലബിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്വന്തം കാറില്‍ ഡിക്‌സണ്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവമറിയിച്ചു. മൃതദേഹം കുവൈത്തി ഹോസ്പിറ്റല്‍ മോര്‍ചറിയിലേക്കു മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest News