പാലക്കാട്- സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് കാരാകുറിശ്ശി കല്ലോടുകളം മുറവഞ്ചേരി വീട്ടില്‍ ഷാജിയാണ് (46) അറസ്റ്റിലായത്. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2015 ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. പ്രതി വിദേശത്തേക്ക് കടന്നതിനു ശേഷം ചില സുഹൃത്തുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. വഴങ്ങാതെ വന്നതോടെ ഭീഷണി മുഴക്കിയ സംഭവത്തിലും അന്വേഷണ ഉദ്യോഗസ്ഥരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും പോലീസ് നടപടിയെടുത്തു. റിമാന്‍ഡ് ചെയ്ത പ്രതിയെ അഡീഷണല്‍ സെഷന്‍സ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.