റിയാദ് - ഗവൺമെന്റ് ജീവനക്കാർക്കും ബിസിനസ് മേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കാൻ അനുമതി നൽകി സിവിൽ സർവീസ് നിയമത്തിലെ പതിമൂന്നാം വകുപ്പ് ശൂറാ കൗൺസിൽ ഭേദഗതി ചെയ്തു.
സ്പീക്കർ ഡോ. അബ്ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിനും ഔദ്യോഗിക ഡ്യൂട്ടി സമയമല്ലാത്ത നേരങ്ങളിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനും ഭേദഗതി ചെയ്ത സിവിൽ സർവീസ് നിയമത്തിലെ പതിമൂന്നാം വകുപ്പ് സർക്കാർ ജീവനക്കാരെ അനുവദിക്കുന്നു. ഗവൺമെന്റ് സർവീസിലെ മുഴുവൻ ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കില്ല.
മന്ത്രിസഭ അംഗീകരിക്കുന്ന നിയമാവലി അനുസരിച്ച് നിർണിത വിഭാഗങ്ങളിൽ പെട്ട ജീവനക്കാർക്കു മാത്രമായിരിക്കും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിനും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനും അനുമതി ലഭിക്കുക.
വിഷൻ 2030 പദ്ധതിക്കും ദേശീയ പരിവർത്തന പദ്ധതി 2020 നും അനുബന്ധ പദ്ധതികൾക്കും അനുസൃതമായാണ് സിവിൽ സർവീസ് നിയമത്തിലെ പതിമൂന്നാം വകുപ്പ് ശൂറാ കൗൺസിൽ ഭേദഗതി ചെയ്തത്.
സാമ്പത്തിക വികസനത്തിൽ വർധിച്ച തോതിൽ പങ്കാളിത്തം വഹിക്കുന്നതിനും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിനും പുതിയ ഭേദഗതി സർക്കാർ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നു.
നിരവധി സർക്കാർ ജീവനക്കാർ സ്വന്തം നിലക്ക് ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നുണ്ട്.
ഭാര്യമാരുടെയും ബന്ധുക്കളുടെയും മറ്റും പേരിൽ രജിസ്റ്റർ ചെയ്താണ് ഇവർ സ്ഥാപനങ്ങൾ നടത്തുന്നത്. നിയമാനുസൃതം ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് പുതിയ ഭേദഗതി സർക്കാർ ജീവനക്കാരെ സഹായിക്കും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിനും ഡ്യൂട്ടി സമയത്തിന് പുറത്ത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനും അവസരം ലഭിക്കുന്നത് അധിക വരുമാനം നേടുന്നതിന് സർക്കാർ ജീവനക്കാർക്ക് വഴിയൊരുക്കും.
ഉന്നത തലങ്ങളിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കി താഴേതട്ടിലുള്ള സർക്കാർ ജീവനക്കാർക്കു മാത്രമാണ് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിനും ഡ്യൂട്ടി സമയത്തിന് പുറത്ത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനും അനുമതി ലഭിക്കുക എന്നാണ് വിവരം.
സർക്കാർ ജീവനക്കാർ നേരിട്ടും അല്ലാതെയും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിനും കമ്പനി സ്ഥാപനത്തിൽ പങ്കാളിത്തം വഹിക്കുന്നതിനും കമ്പനി ഡയറക്ടർ ബോർഡ് അംഗത്വം സ്വീകരിക്കുന്നതിനും കമ്പനികളിലും വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതിനും വിലക്കുള്ളതായി ഭേദഗതി ചെയ്യുന്നതിനു മുമ്പുള്ള സിവിൽ സർവീസ് നിയത്തിലെ പതിമൂന്നാം വകുപ്പ് അനുശാസിക്കുന്നു.