കാസര്‍കോട്- വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതി കൂടി അറസ്റ്റിലായതോടെ കാസര്‍കോട്ടെ തട്ടിപ്പ് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ചൗക്കിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സാജിദയെയാണ് (29) കഴിഞ്ഞ ദിവസം വൈകിട്ട് കാസര്‍കോട് എസ്.ഐ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ അബു താഹിറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്.
സാജിദയെ ഉപയോഗിച്ച് സംഘം കാസര്‍കോട്ടേയും പരിസരങ്ങളിലെയും നിരവധി പേരെ കെണിയില്‍ വീഴ്ത്തിയതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. യുവതിയുടെ ഫോണില്‍ നിന്ന് വരുന്ന മിസ്ഡ് കോളാണ് തട്ടിപ്പിന്റെ തുടക്കം. ഈ നമ്പറില്‍ തിരിച്ചു വിളിക്കുന്നവരെ യുവതി പ്രത്യേക സ്ഥലത്തേക്ക് ക്ഷണിക്കും. തുടര്‍ന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം ഇരകളെ യുവതിക്കൊപ്പം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇത് കാണിച്ച് പണം തട്ടിയെടുക്കുകയും ചെയ്യും. സാജിദയുടെ മിസ്ഡ് കോള്‍ കണ്ട് തിരിച്ചു വിളിച്ച വ്യാപാരിയും തട്ടിപ്പില്‍ കുടുങ്ങുകയായിരുന്നു.
ആദ്യം 48,000 രൂപയാണ് സംഘം വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത്. പിന്നീട് കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പൊലീസില്‍ പരാതി നല്‍കിയത്. സാജിദയെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.