Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസികളുടെ ഡാറ്റാബാങ്ക്  സജ്ജമാക്കും -മുഖ്യമന്ത്രി 

തിരുവനന്തപുരം- പ്രവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് ആധികാരിക ഡാറ്റാബാങ്ക് സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെന്റർ ഫോർ ഡെവലപ്‌മെന്റൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കേരളത്തിൽനിന്നുള്ള അന്താരാഷ്ട്ര കുടിയേറ്റം സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിൽ പ്രവാസികളുടെ പങ്ക് വലുതാണ്. എന്നാൽ പ്രവാസികളുടെയും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെയും ആധികാരിക വിവരങ്ങൾ ഇല്ലാതിരുന്നത് സംസ്ഥാനത്തിന്റെയും പ്രവാസികളുടെയും പല ക്ഷേമ പ്രവർത്തനങ്ങൾക്കും തടസ്സമാണ്. 
അന്താരാഷ്ട്ര മൈഗ്രേഷൻ സെന്റർ സി.ഡി.എസിൽ ആരംഭിക്കണമെന്ന് ലോക കേരള സഭ ശുപാർശ ചെയ്തിട്ടുണ്ട്. സി.ഡി.എസിലെ ഗവേഷണ മികവിനുള്ള അംഗീകാരം കൂടിയാണിത്. മുമ്പ് നിരവധി തവണ കുടിയേറ്റം സംബന്ധിച്ച സർവേകൾ ചെയ്ത പരിചയവും ഈ സ്ഥാപനത്തിനുണ്ട്. അതുകൊണ്ടുതന്നെ സമഗ്രമായ ഗവേഷണ പദ്ധതി പ്രവാസികളും കുടിയേറ്റവും സംബന്ധിച്ച് ആരംഭിക്കാൻ സമയമായി. 


ഗവേഷണത്തിന്റെ ഭാഗമായി പ്രവാസികളെ സംബന്ധിച്ച് സർക്കാരിന് ഗുണകരമാകുന്ന വിവരങ്ങൾ, കുടിയേറ്റ ഗവേഷണം സംബന്ധിച്ച വാർഷിക പരിശീലനങ്ങൾ, അന്താരാഷ്ട്ര കുടിയേറ്റം സംബന്ധിച്ച സമഗ്ര ഡാറ്റാബേസ്, കേരളവും ലോക സാമ്പത്തിക ക്രമവും സംബന്ധിച്ച കോൺഫറൻസുകൾ എന്നിവ ഉണ്ടാകും.
കുടിയേറ്റം സംബന്ധിച്ച ഓൺലൈൻ ഡാറ്റാ ബാങ്കും രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.ഡി.എസ് ചെയർമാൻ കെ.എം.ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.എസ് പ്രൊഫസർമാരായ എസ്.ഇരുദയ രാജൻ, പ്രവീണ കോടോത്ത് എന്നിവർ വിഷയാവതരണം നടത്തി. സി.ഡി.എസ് ഡയറക്ടർ പ്രൊഫ. സുനിൽ മണി സ്വാഗതം പറഞ്ഞു. നോർക്ക സഹകരണത്തോടെയാണ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്.

 

Latest News