റിയാദ് - അമേരിക്കയിലെ ഫ്‌ളോറിഡയിൽ സൈനിക താവളത്തിൽ വെടിവെപ്പ് നടത്തിയ സൗദി സൈനിക വിദ്യാർഥി മുഹമ്മദ് സഈദ് അൽശംറാനിയെ അമേരിക്കൻ പരിശീലകൻ അപമാനിച്ചിരുന്നതായി അമേരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വെടിവെപ്പ് സംഭവത്തിനു ഏഴു മാസം മുമ്പാണ് അമേരിക്കൻ പരിശീലകൻ സൗദി വിദ്യാർഥിയെ അപമാനിച്ചത്. ഫ്‌ളോറിഡയിൽ മുഹമ്മദ് സഈദ് അൽശംറാനി ശാന്തമായ ജീവിതമാണ് നയിച്ചിരുന്നത്.
അമേരിക്കൻ പരിശീലകൻ അപമാനിച്ചതിനെ കുറിച്ച് വിദ്യാർഥി അമേരിക്കൻ നാവിക സേനക്കു കീഴിലെ ഫ്‌ളോറിഡയിലെ പെൻസകോള നേവൽ എയർ സ്റ്റേഷൻ അധികൃതർക്ക് രണ്ടു സഹപാഠികളുടെ സഹായത്തോടെ ഔദ്യോഗിക പരാതി നൽകിയിരുന്നു. കാലാവസ്ഥാ നിരീക്ഷണത്തെ കുറിച്ച ക്ലാസ് അവസാനിക്കാൻ നേരമാണ് പരിശീലകൻ തന്നെ അപമാനിച്ചതെന്ന് പരാതിയിൽ മുഹമ്മദ് അൽശംറാനി പറഞ്ഞു. ക്ലാസ് അവസാനിപ്പിക്കുന്നതിനു മുമ്പായി വിദ്യാർഥികൾക്ക് വല്ല സംശയമോ ചോദ്യമോ ഉണ്ടോയെന്ന് പരിശീലകൻ ആരായുകയായിരുന്നു. പിന്നീട് മുഹമ്മദ് അൽശംറാനിക്കു നേരെ തിരിഞ്ഞ് ചോദ്യങ്ങൾ വല്ലതുമുണ്ടോയെന്ന് ആരാഞ്ഞു. പ്രശസ്ത അശ്ലീല സിനിമാ നായകന്റെ മീശ സൂചിപ്പിക്കുന്ന പദം ഉപയോഗിച്ചാണ് മുഹമ്മദ് അൽശംറാനിയെ പരിശീലകൻ സംബോധന ചെയ്തത്. അപമാനിച്ചും പരിഹസിച്ചും പരിശീലകൻ സംസാരം തുടർന്നു. ഈ അശ്ലീല സിനിമാ താരത്തെ മുമ്പ് കണ്ടിട്ടില്ലേയെന്നും പരിശീലകൻ സൗദി വിദ്യാർഥിയോട് ചോദിച്ചു. കടുത്ത രോഷം തോന്നിയെങ്കിലും പരിശീലകന്റെ അപമാനിക്കലുകളും നിന്ദിക്കലുകളും താൻ അവഗണിക്കുകയും മറുപടി നൽകാതിരിക്കുകയുമായിരുന്നെന്നും സ്ഥാപന അധികൃതർക്ക് നൽകിയ പരാതിയിൽ മുഹമ്മദ് അൽശംറാനി പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് നാവിക താവളത്തിൽ സൗദി വിദ്യാർഥി വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമിയെ പിന്നീട് സുരക്ഷാ സൈനികർ പ്രത്യാക്രമണത്തിലൂടെ വകവരുത്തി.