ദുബായ്- കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്‍പതിന് കണ്ണൂര്‍-അബുദാബി കന്നി വിമാനത്തില്‍ ഉണ്ടായിരുന്ന നൂറോളം യാത്രക്കാര്‍ തിങ്കളാഴ്ച വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനായി അതേ വഴിയില്‍ വീണ്ടും ഒരുമിച്ച് പറന്നു.
കണ്ണൂരിലെ യു.എ.ഇ നിവാസികളും മലയാളി സമൂഹത്തിലെ പ്രമുഖരും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് സ്വപ്നയാത്രയുടെ പുനരാവിഷ്‌കാരം യാഥാര്‍ഥ്യമാക്കിയത്.
യൂണിഫോം ജാക്കറ്റുകള്‍ ധരിച്ച് ഫ്‌ളൈറ്റ് യാത്രക്കെത്തിയ വാട്‌സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമായ കണ്ണൂരിന്റെ വികസനം സംബന്ധിച്ചായിരുന്നു. ഉദ്ഘാടന ഫ്‌ളൈറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേത് ആയിരുന്നെങ്കിലും, ടിക്കറ്റ് നിരക്കിലെ അന്തരം കാരണം ഈ വാര്‍ഷിക പറക്കലിന് യാത്രക്കാര്‍ തെരഞ്ഞെടുത്തത് ഗോ എയര്‍ ആണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത വാര്‍ഷികാഘോഷത്തിന് ശേഷം വിമാനത്തില്‍ കയറുന്നതിന് മുമ്പ് അവര്‍ വിമാനത്താവള പരിസരത്ത് സെമിനാറും നടത്തി.
തിങ്കളാഴ്ച രാത്രി ഇവിടെയെത്തിയ യാത്രക്കാര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വി ഓള്‍ ലവ് കണ്ണൂര്‍ (വാക്) എന്ന കമ്മ്യൂണിറ്റി ഗ്രൂപ്പ് ഊഷ്മളമായ സ്വീകരണം നല്‍കി.