കുവൈത്ത് സിറ്റി- ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹ് റിയാദിലെത്തി. അമേരിക്കയില്‍ ചികില്‍സ കഴിഞ്ഞ് എത്തിയിട്ട് ഒരു മാസം മാത്രമേയുള്ളുവെങ്കിലും അമീര്‍ തന്നെ ഉച്ചകോടിക്ക് എത്തുന്നത് നിരീക്ഷകര്‍ പ്രാധാന്യത്തോടെയാണ് കാണുന്നത്. ചികിത്സക്ക് ശേഷമുള്ള അമീറിന്റ ആദ്യ വിദേശ യാത്രയുമാണിത്.
ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീറിന്റെ സാന്നിധ്യത്തെ നിരീക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കുവൈത്ത് മന്ത്രിസഭ രാജി വെച്ചതിനെ തുടര്‍ന്ന് പുതിയ മന്ത്രിസഭ ഇത് വരെ രൂപീകരിക്കാത്തതിനാല്‍ കാവല്‍ മന്ത്രിസഭയില്‍ വിദേശകാര്യ വകുപ്പിന്റെയും പ്രതിരോധ വകുപ്പിന്റെയും ചുമതല വഹിക്കുന്ന ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹ്, ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന ഉപ പ്രധാന മന്ത്രിയും പാര്‍ലമന്റ് കാര്യ മന്ത്രിയുമായ അനസ് അല്‍ സാലിഹ്, ധനകാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള സാമ്പത്തിക കാര്യ സഹമന്ത്രി മറിയം അല്‍ അഖീല്‍ എന്നിവരും അമീറിനൊപ്പം റിയാദില്‍ എത്തിയിട്ടുണ്ട്.
ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു ശേഷം നടക്കുന്ന മൂന്നാമത്തെ ജി.സി.സി വാര്‍ഷിക ഉച്ചകോടിയാണു റിയാദില്‍ നടക്കുന്നത്. ഖത്തര്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ണായകമായ ചില പ്രഖ്യാപനങ്ങള്‍ ഈ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷ.