ജിദ്ദ- ഇന്ത്യയിലെ കോടികണക്കിനായ മുസ്്‌ലിംകളുടെ ദൗർഭാഗ്യത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നുവെന്നും പൗരത്വബിൽ സംബന്ധിച്ച അനിശ്ചിതത്വം നമ്മളൊന്നിച്ച് നേരിടുമെന്നും ആക്ടിവിസ്റ്റ് അനൂപ് വി.ആർ. ഉംറ നിർവഹിച്ച ശേഷം ഫെയ്‌സ്ബുക്കിൽ പോസ്റ്റിയ കുറിപ്പിലാണ് അനൂപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സൗദി സന്ദർശന പരിപാടിയ്ക്ക് സംഘാടകർ ക്ഷണിച്ചപ്പോൾ, മക്കയും മദീനയും സന്ദർശിക്കാൻ കഴിയുമോ എന്നാണ് അവരോട് ആദ്യം ചോദിച്ചത്.വിശ്വാസം തെളിയിക്കുന്ന എന്തെങ്കിലും രേഖയില്ലാത്ത പക്ഷം, അത് എളുപ്പമല്ലാ എന്നായിരുന്നു അവരുടെ അപ്പോൾ തന്നെയുള്ള മറുപടി. അങ്ങനെ ഒരു രേഖയില്ലാത്തതിനാലും, അങ്ങനെ ഒരു രേഖ സംഘടിപ്പിക്കേണ്ടതില്ലാ എന്ന് അപ്പോൾ തോന്നിയതുകൊണ്ടും ആ ആഗ്രഹം അവിടെവെച്ച് തന്നെ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. അവിടെ ചെന്നതിന് ശേഷം, എന്റെ കൂടെ പരിപാടിയിൽ സംബന്ധിക്കാൻ വന്ന സുഹൃത്ത്, ഉംറയ്ക്ക് പോകുന്നെണ്ടെന്ന് അറിഞ്ഞപ്പോൾ, അതിന് ചെയ്യേണ്ട കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി,അദ്ദേഹത്തെ അനുഗമിക്കുകയായിരുന്നു, വഴിയിൽ വെച്ച് തിരിച്ച് പോരേണ്ടി വന്നാൽ, അതിന് തയ്യാറായിക്കൊണ്ട് തന്നെ. അതേ സമയം അവിടെ ആധികാരികമായ രേഖ എന്നോട് ആരും ചോദിച്ചില്ല. ഇപ്പോഴും വിശ്വാസിയാണ് എന്നതിന് ആധികാരികമായ ഒരു രേഖയും എന്റെ കയ്യിൽ ഇല്ല. അല്ലെങ്കിലും, വിശ്വാസത്തിന്റെ ആധികാരികത പരിശോധിക്കാൻ അർഹൻ അല്ലാഹു മാത്രമല്ലേ? ഒരു കാര്യം മാത്രം ഇപ്പോൾ ആധികാരികമായി പറയാൻ ആഗ്രഹിക്കുന്നു. ഹിന്ദുത്വ ഭരണകൂടം ഇന്ത്യയിലെ മുസ്ലിംകളുടെ പൗരത്വത്തെ മുഴുവൻ ചോദ്യചിഹ്നമാക്കുന്ന ഭേദഗതി പ്രയോഗത്തിൽ കൊണ്ടുവരുമ്പോൾ, അവശിഷ്ടരാജ്യത്തിലെ പൗരത്വത്തിൽ തുടരാൻ താൽപര്യമില്ലെന്ന് ഉറപ്പിച്ച് തന്നെ പറയുന്നു, ഉംറ കഴിഞ്ഞിറങ്ങിയപ്പോൾ, കൂടെയുണ്ടായിരുന്ന എന്റെ സുഹൃത്ത് പറഞ്ഞത്, ലോകത്തിലെ കോടിക്കണക്കിന് മുസ്്‌ലിംകൾക്ക് ലഭിക്കാത്ത സൗഭാഗ്യമാണ് എനിക്ക് ലഭിച്ചതെന്നാണ്. ഇപ്പോൾ ഈ രാജ്യത്തെ കോടിക്കണക്കിനായ മുസ്ലിംകളുടെ ദൗർഭാഗ്യത്തിലും പങ്ക് ചേരാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇത്രയും വിശദമായി ഇവിടെ പറയണമെന്ന് കരുതിയതല്ലാ.വിശ്വാസം ദൈവവുമായി മാത്രമുള്ള വിനിമയം എന്ന നിലയിൽവ്യക്തിപരമായി സൂക്ഷിക്കേണ്ടതാണ് എന്നാണ് ഇത്രയും നാൾ കരുതിപ്പോന്നത്.ഇപ്പോഴും വ്യക്തിപരമായി ആഘോഷമാക്കാൻ താൽപര്യമില്ല. പക്ഷേ, ഇതുപോലൊരു സന്ദർഭം വ്യക്തത ആവശ്യപ്പെടുന്നുണ്ട് എന്നറിയാം. അതുപോലെ പ്രിയപ്പെട്ട പലരുടേയും സ്‌നേഹാന്വേഷണങ്ങളും ഇത് പറയാൻ നിർബന്ധിതമാക്കി. എല്ലാ സ്‌നേഹാന്വേഷണങ്ങൾക്കും നന്ദി. എല്ലാം നമ്മൾ ഒന്നിച്ച് നേരിടും. ഭയവും ഭക്തിയും അവനോട് മാത്രം.