പൊന്നാനി- കടല്‍ കടന്നെത്തിയ അംഗീകാരമാണ് ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്റെ കത്തിലൂടെ അമാനക്ക് ലഭിച്ചതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അമാനയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
പുതുതലമുറക്ക് പ്രചോദനമാകുന്ന നടപടിയാണ് അമാനയുടെ സന്ദര്‍ഭത്തിനനുസരിച്ചുള്ള കത്തെഴുത്തിലൂടെ സംഭവിച്ചത്.
ജീവിതത്തില്‍ എല്ലാവര്‍ക്കും ഓരോ കഴിവുകളുണ്ട്. അത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാല്‍ ലോക ശ്രദ്ധ പിടിച്ചുപറ്റും.
കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഒരു ഓള്‍കേരള പ്രബന്ധ മല്‍സരത്തില്‍ പങ്കെടുത്ത് വിജയി ആയതോടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തകനായ തനിക്ക് യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനാവാന്‍ പറ്റിയതെന്നും തുടര്‍ന്ന് ഉന്നത സ്ഥാനങ്ങളിലേക്ക് വഴിതുറന്നതെന്നും സ്പീക്കര്‍ അനുഭവങ്ങള്‍ പങ്കു വെച്ചു. അന്ന് അമ്മയാണ് എറണാകുളത്ത് നടന്ന മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ നിര്‍ബന്ധിച്ച് അയച്ചതെന്നും സ്പീക്കര്‍ ഓര്‍ത്തെടുത്തു.
കേരളത്തെക്കുറിച്ച് അഭിമാനകരമായി പരിചയപ്പെടുത്തിയതിലൂടെ നമ്മുടെ നാടിന്റെ സംസ്‌കാരവും ടൂറിസവും ന്യൂസിലാന്റ് പോലെയുള്ള സമ്പന്ന രാജ്യത്തിന്റെ ശ്രദ്ധയിലേക്കാണ് അമാന എത്തിച്ചിരിക്കുന്നത്. കേരളത്തെ ഇഷ്ടപ്പെടുന്ന, കേരളം കാണുവാന്‍ ആഗ്രഹിക്കുന്ന ന്യൂസിലാന്റ് പ്രധാനമന്ത്രിയെ കേരളത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുവാന്‍ മുന്‍കൈയെടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. അമാനയെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അമാന.
ഡി.സി.സി ജന. സെക്രട്ടറി ടി.കെ.അഷ്‌റഫിന്റെയും ഒരുമനയൂര്‍ കുറുപ്പത്ത് വഹീദയുടെയും രണ്ടാമത്തെ മകളാണ്.