തിരുവനന്തപുരം- പൗരത്വ ഭേദഗതി ബിൽ സംഘ്പരിവാറിന്റെ മുസ്‌ലിം വംശഹത്യാ പദ്ധതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം പറഞ്ഞു.
നാളെ മനുഷ്യാവകാശ ദിനത്തിൽ കേരളത്തിലെ കാമ്പസുകളും യൂനിവേഴ്‌സിറ്റികളും പൗരത്വ ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിക്കുമെന്നും വിദ്യാർഥി യുവജനങ്ങൾ മുന്നിട്ടിറങ്ങി സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതികൾക്കെതിരെ പ്രതിഷേധ കൊടുങ്കാറ്റുയർത്താൻ തയാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എൻ.ആർ.സി എന്നത് പൗരത്വവും അതുമായി ബന്ധപ്പെട്ട അവകാശങ്ങളും റദ്ദ് ചെയ്യലും പുറന്തള്ളലുമാണ്. സി.എ.ബി എന്ന പൗരത്വ ഭേദഗതി ബില്ലാകട്ടെ ഒരേ സമയം സെലക്റ്റീവായ പൗരത്വ വാഗ്ദാനവും പൗരത്വ നിഷേധവുമാണ്. എൻ.ആർ.സിയിൽനിന്ന് ഭിന്നമായി സി.എ.ബിയിൽ മതവിഭാഗങ്ങളെ എടുത്തു പറഞ്ഞിരിക്കുന്നു. ഹിന്ദു, െ്രെകസ്തവ, ബുദ്ധ, പാഴ്‌സി, സിക്ക്, ജൈന മതവിഭാഗങ്ങൾക്ക് പൗരത്വം കൊടുക്കും എന്ന് പറയുന്നതിനേക്കാൾ മുസ്‌ലിംകൾക്ക് പൗരത്വം കൊടുക്കുകയില്ല എന്നതാണ് ഭേദഗതി. അതങ്ങനെത്തന്നെ പറയുന്നതാണ് ശരി. മതം പ്രത്യേകമായി എടുത്തു പറയാത്ത എൻ.ആർ.സിയും ഒരു മതം മാത്രം പ്രത്യേകമായി എടുത്തു പറയുന്ന സി.എ.ബിയും ഒരുമിച്ചു നടപ്പിലാക്കുന്നതോടെ സംഭവിക്കുന്നത് മുസ്‌ലിമിനെ പുറന്തള്ളുക എന്നത് മാത്രമാണ്. ഇത്തരത്തിൽ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന വിഭാഗമാക്കി മുസ്‌ലിം സമൂഹത്തെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷംസീർ ഇബ്രാഹിം പറഞ്ഞു.