Sorry, you need to enable JavaScript to visit this website.

കേരള ബാങ്കുമായി കോൺഗ്രസ്  സഹകരിക്കില്ല -മുല്ലപ്പള്ളി

കൊച്ചി- സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന് അന്ത്യകൂദാശ നൽകാൻ ലക്ഷ്യമിട്ട് ഇടതു സർക്കാർ ആരംഭിച്ച കേരള ബാങ്കുമായി കോൺഗ്രസ് സഹകരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള ബാങ്കിന്റെ ഉദ്ഘാടനം അടക്കമുള്ള പരിപാടികളിൽനിന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വിട്ടു നിൽക്കുമെന്ന് ഇന്നലെ ഡി.സി.സിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.


വാണിജ്യ ബാങ്കിന് കെ.പി.സി.സി എതിരല്ല. പക്ഷേ, സഹകരണ മേഖലയെ തകർത്തിട്ടല്ല ഇത് തുടങ്ങേണ്ടത് എന്നതാണ് തങ്ങളുടെ നിലപാട്. ഭരണഘടനാ വിരുദ്ധമായി രൂപീകരിച്ചിട്ടുള്ള കേരള ബാങ്ക് സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ ഔദ്യോഗിക പ്രഖ്യാപനം പോലും നിയമാനുസൃതമല്ല. 
2013 ൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയ റൈറ്റ് ടു കോഓപറേഷൻ ആക്ട് ഭേദഗതിയുടെ ആർട്ടിക്കിൾ 19 (1) (സി) യിൽ സഹകരണ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് കൃത്യമായി നിർദേശിക്കുന്നുണ്ട്.


സഹകരണ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശം സംരക്ഷിക്കുന്നതിന് കൊണ്ടുവന്ന ഈ ഭേദഗതിക്ക് വിരുദ്ധമാണ് സർക്കാർ നടപടി. ജില്ലാ ബാങ്കുകൾ പിരിച്ചു വിടാൻ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം വിശദീകരിക്കണം. ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണിത്. മൂന്നര ലക്ഷം കോടി രൂപയാണ് സഹകരണ പ്രസ്ഥാനങ്ങളുടെ നിക്ഷേപം. അതിൽ കണ്ണുവച്ചാണ് മുഖ്യമന്ത്രി ബാങ്കുകളെ പിരിച്ചുവിട്ട് കേരള ബാങ്ക് തുടങ്ങാൻ തീരുമാനിച്ചത്. അദ്ദേഹം വിചാരിച്ചാൽ ഇതിലേക്ക് പണം വരാൻ യാതൊരു പ്രയാസവുമുണ്ടാകില്ല. കാരണം വിദേശ മലയാളികളായ നിരവധി സഹസ്ര കോടീശ്വരൻമാൻ മുഖ്യമന്ത്രിയുടെ ഉറ്റ ചങ്ങാതിമാരാണ്. വേങ്ങരയിൽ ഉപതെരഞ്ഞെടപ്പ് നടക്കുന്ന സമയത്താണ് കേരള ബാങ്കിന്റെ ആദ്യ പ്രഖ്യാപനം. നിയമസഭ സമ്മേളനം വിളിച്ചു കൂട്ടാതെ ഓർഡിനൻസ് വഴിയാണ് പ്രഖ്യാപനം നടത്തിയത്. ഇക്കാര്യത്തിൽ സർക്കാർ എന്തിനാണ് ഇത്ര ധൃതി കാണിച്ചതെന്നും മുല്ലപ്പള്ളി ചോദിച്ചു.


രാജ്യത്ത് ഗാന്ധി നിന്ദ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ കോൺഗ്രസിന്റെ എല്ലാ വാർഡ് തലങ്ങളിലും മഹാത്മാ കുടുംബ സംഗമം നടത്തും. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരായ കുറ്റപത്രം ഉയർത്തിപ്പിടിച്ച് അടുത്ത ജനുവരി 20 മുതൽ ഫെബ്രുവരി 28 വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും പദയാത്ര നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ശൂരനാട് രാജശേഖരൻ, ടി.ജെ.വിനോദ് എം.എൽ.എ, ടി.സിദ്ദിഖ്, ജെയ്‌സൺ ജോസഫ്, ഐ.കെ.രാജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News