മക്ക - ഇറാനിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള കരാറിൽ ഇറാൻ ഹജ്, സിയാറത്ത് വകുപ്പ് മേധാവി ഡോ. അലി രിദ റശീദിയാനും ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതനും ഒപ്പുവെച്ചു. മക്കയിൽ ഹജ്, ഉംറ മന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ഇറാൻ സംഘത്തെ ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ സ്വീകരിച്ചത്. ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്തും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. ഇറാൻ ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതുമായും മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങൾ ഇരു വിഭാഗവും വിശകലനം ചെയ്തു.
ഇറാൻ അടക്കം ലോകത്തെങ്ങും നിന്നുമുള്ള തീർഥാടകരുടെ യാത്രാ നടപടികൾ എളുപ്പമാക്കുന്നതിനും തീർഥാടകർക്ക് ആവശ്യമായ എല്ലാവിധ സേവനങ്ങളും നൽകുന്നതിനുമാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് ഹജ്, ഉംറ മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഹജ് സീസണിൽ ഇറാൻ തീർഥാടകർ സൗദി അധികൃതരുമായി പൂർണ തോതിൽ സഹകരിക്കുകയും സമാധാനം പാലിക്കുകയും ആരാധനാ കർമങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതിന് ഹജ്, ഉംറ മന്ത്രി നന്ദി പറയുകയും ഇറാൻ തീർഥാടകരെയും അധികൃതരെയും പ്രശംസിക്കുകയും ചെയ്തു.
ഇറാനിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് ആവശ്യമായ മുഴുവൻ ക്രമീകരണങ്ങളും ഹജ്, ഉംറ മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വ്യത്യസ്ത ചിന്താധാരകളിലും വിഭാഗങ്ങളിലും പെട്ട മുഴുവൻ തീർഥാടകരെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായും ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ പറഞ്ഞു.