റിയാദ് - മയക്കുമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിനിടെ 5,067 പ്രതികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് അറിയിച്ചു. മുഹറം, സഫർ, റബീഉൽഅവ്വൽ മാസങ്ങളിലാണ് ഇത്രയും മയക്കുമരുന്ന് പ്രതികൾ സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. മയക്കുമരുന്ന് കേസുകളിൽ 32 രാജ്യങ്ങളിൽ നിന്നുള്ളവർ മൂന്നു മാസത്തിനിടെ അറസ്റ്റിലായിട്ടുണ്ട്.
56 ലക്ഷം ലഹരി ഗുളികകൾ, 6.4 ടൺ ഹഷീഷ്, രണ്ടു കിലോ ഹെറോയിൻ, ലഹരി ഗുളിക നിർമാണത്തിന് ഉപയോഗിക്കുന്ന 54.9 കിലോ മയക്കുമരുന്ന് പൗഡർ, 1.4 കിലോ കൊക്കൈൻ, 473 ഗ്രാം കറുപ്പ്, 420 തോക്കുകൾ, 8,638 വെടിയുണ്ടകൾ, ഒരു കോടിയിലേറെ റിയാൽ എന്നിവ മയക്കുമരുന്ന് പ്രതികളുടെ പക്കൽ നിന്ന് ഇക്കാലയളവിൽ പിടിച്ചെടുത്തതായും ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് വക്താവ് കേണൽ അബ്ദുൽ അസീസ് കദ്‌സ അറിയിച്ചു.