റിയാദ് - പതിനൊന്നംഗ കവർച്ചാ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ റിയാദിൽ നിന്ന് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശുകാരും പാക്കിസ്ഥാനികളും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. സൗദി ഇലക്ട്രിസിറ്റി കമ്പനി ആസ്ഥാനങ്ങളിൽനിന്നും കേന്ദ്രങ്ങളിൽ നിന്നും ബ്രേയ്ക്കറുകളും ചെമ്പ് കേബിളുകളും കവർന്ന് കിഴക്കൻ റിയാദിലെ ജനാദ്രിയ ഡിസ്ട്രിക്ടിലെ ഗോഡൗണിൽ സൂക്ഷിച്ച് വിൽപന നടത്തിയ സംഘമാണ് അറസ്റ്റിലായത്.
36 കവർച്ച നടത്തിയതായി സംഘം സമ്മതിച്ചു. ആകെ അഞ്ചു ലക്ഷം റിയാൽ വില വരുന്ന ബ്രേയ്ക്കറുകളും ചെമ്പ് കേബിളുകളുമാണ് സംഘം മോഷ്ടിച്ചത്. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാക്കിർ അൽതുവൈജിരി അറിയിച്ചു.