തിരുവനന്തപുരം- വനിതാ മാധ്യമപ്രവർത്തകയെ സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ചെന്ന പരാതിയിൽ എം. രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്ത്നിന്ന് നീക്കി. സദാചാര പൊലീസ് ചമഞ്ഞ് വനിതാ മാധ്യമപ്രവർത്തകയെ രാത്രി വീട്ടിൽ കയറി ഭീഷണിപ്പെടുത്തി എന്നായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണം. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ പേട്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാധാകൃഷ്ണനെ സ്ഥാനത്ത്നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ അടക്കമുള്ളവർ കനത്ത പ്രതിഷേധത്തിലായിരുന്നു. തുടർന്നാണ് തീരുമാനമെടുത്തത്. കഴിഞ്ഞദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിന് മുമ്പിൽ പ്രതിഷേധവുമായി എത്തിയ വനിതാ മാധ്യമപ്രവർത്തകർ ക്ലബ് ഓഫീസ് ഉപരോധിച്ചിരുന്നു. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്നും പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വനിതാ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം. മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചു കയറിയ വനിതകൾ പ്രതിഷേധ സൂചകമായി രാധാകൃഷ്ണന് ഒരു കുപ്പി ചാണക വെള്ളവും സമ്മാനിച്ചു. തുടർന്ന് മുറിക്ക് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. രാധാകൃഷ്ണനെ പുറത്താക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് അവർ പറഞ്ഞു. നടപടി ഉണ്ടാകുമെന്ന് മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് അന്ന് ഉപരോധം അവസാനിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് യുവതിയുടെ സഹപ്രവർത്തകൻ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്ത് രാധാകൃഷ്ണനും സംഘവും ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുമായി കഴിയുന്ന മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ദേഹോപ ദ്രവമേൽപ്പിക്കുകയും ചെയ്തതായാണ് പരാതി. മാധ്യമ പ്രവർത്തകൻ കൂടിയായ യുവ തിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പ്രസ് ക്ലബ് സെക്രട്ടറിയും സംഘവുമെത്തിയത്. രാത്രി പത്തു മണിയോടെ യുവതിയുടെ വീട്ടിൽ വന്ന് മടങ്ങിയ സുഹൃത്തിനെ രാധാകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം ചോദ്യം ചെയ്യുകയും വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. വീട്ടിലേക്ക് ഇവർ അതിക്രമിച്ച് കയറി. സഹപ്രവർത്തകനായ സുഹൃത്ത് എന്തിനാണ് രാത്രി വീട്ടിലെത്തിയതെന്ന് ചോദിച്ച രാധാകൃഷ്ണൻ മോശം ഭാഷയിലാണ് തന്നോട് സംസാരിച്ചതെന്നും ഇതിനിടെ സഹപ്രവർത്തകനെ രാധാകൃഷ്ണനും സംഘവും മർദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. തുടർന്ന് തന്നെയും മക്കളേയും മറ്റൊരു മുറിയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടു പോയി. ഭർത്താവിനെ വിളിക്കാമെന്ന് പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ലെന്നും നിങ്ങൾ സമ്മതിച്ചാൽ ആരും അറിയാതെ പ്രശ്നം ഒതുക്കിത്തീർക്കാമെന്ന് പറഞ്ഞെന്നും യുവതി ആരോപിക്കുന്നു.
അതേസമയം സദാചാര ഗുണ്ടകളിൽ നിന്ന് സഹോദരിയെ പോലെ കാണുന്ന സഹപ്രവർത്തകയെ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും തന്നോടുള്ള വ്യക്തി വൈരാഗ്യം മൂലം തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നുമായിരുന്നു പ്രസ്ക്ലബ് സെക്രട്ടറി രാധാകൃഷ്ണന്റെ നിലപാട്.