പാലക്കാട് - വാളയാർ പീഡനക്കേസിൽ കോടതി വെറുതെ വിട്ട പ്രതികൾക്കു നേരേ കൂടുതൽ ആക്രമണത്തിന് ഇടയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കുട്ടിമധുവിനെതിരേ ആക്രമണമുണ്ടായ സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ വാളയാർ പോലീസിന് ജില്ലാ പോലീസ് സൂപ്രണ്ട് നിർദേശം നൽകി.
പ്രതികൾ താമസിക്കുന്ന അട്ടപ്പള്ളത്ത് പട്രോളിംഗ് ശക്തമാക്കാനാണ് തീരുമാനം. പ്രദേശത്ത് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുന്നവരെ നിരീക്ഷിക്കാനും നിർദേശമുണ്ട്.
പുനരന്വേഷണം ആവശ്യപ്പെട്ട് മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതോടെ അട്ടപ്പള്ളത്ത് സമരങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും അവരെ കണ്ട് പിന്തുണ പ്രഖ്യാപിക്കുന്നതിന് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള മനുഷ്യാവകാശ പ്രവർത്തകർ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
മധുവിനെ ആക്രമിച്ച സംഭവത്തിൽ ഒളിവിൽ പോയ മറ്റു പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച പതിനഞ്ചോളം പേർ ചേർന്നാണ് അട്ടപ്പള്ളത്ത് വെച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മധുവിനെ ആക്രമിച്ചത്.
സംഭവത്തിനു നേതൃത്വം നൽകിയ മൂന്നു പേരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു പിന്നിൽ സംഘ്പരിവാർ ആണെന്നാണ് മധുവിന്റെ അമ്മയുടെ ആരോപണം. കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള പോക്‌സോ കോടതിവിധി വന്നതിനു ശേഷം മകന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മധുവിന്റെ അമ്മ കനകമണി വാളയാർ പോലീസിന് പരാതി നൽകിയിരുന്നു.
ഭീഷണി കാരണം മകന് വീട്ടിൽ വരാനാവുന്നില്ലെന്നും കോയമ്പത്തൂരിലാണ് താമസിക്കുന്നതെന്നുമാണ് അവർ പറയുന്നത്.
കേസിലെ പ്രധാന പ്രതിയായിരുന്ന വലിയ മധുവിന്റെ കുടുംബവും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായിരുന്നു മരിച്ച കുട്ടികളുടെ അടുത്ത ബന്ധുവും അയൽക്കാരനും കൂടിയായ വലിയ മധു.
ചെറിയ മധുവിനെതിരേ അക്രമമുണ്ടായ സാഹചര്യത്തിൽ വലിയ മധു വീട്ടിൽ താമസിക്കുന്നില്ല. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രതിപ്പട്ടികയിൽ അവശേഷിക്കുന്ന പ്രായപൂർത്തിയാകാത്ത ആൾക്കും ഭീഷണിയുണ്ട്. കോടതി വെറുതെ വിട്ട മറ്റു രണ്ടു പേർ മറ്റിടങ്ങളിൽ നിന്നുള്ളവരാണ്. അവർ അട്ടപ്പള്ളത്ത് വരുന്നില്ല.