കൊച്ചി - ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ജനുവരി ആദ്യവാരം തെരഞ്ഞെടുക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. നിയോജക മണ്ഡലം അധ്യക്ഷൻമാരെ 21, 22 തീയതികളിലും ജില്ലാ അധ്യക്ഷൻമാരെ 30 ന് മുമ്പും തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 75 ശതമാനം ബൂത്തുകളിൽ ബി.ജെ.പി കമ്മിറ്റികൾ രൂപീകരിച്ചു. ഒരാഴ്ചക്കുള്ളിൽ അത് 92 ശതമാനത്തിലേക്ക് എത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സംഘടനാ തെരഞ്ഞെടുപ്പു സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ പാർട്ടി കോർ കമ്മിറ്റി യോഗവും സംസ്ഥാന നേതൃയോഗവും ആസൂത്രണം ചെയ്തതായി എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബർ 25 ന് സംസ്ഥാനത്ത് ബി.ജെ.പി വിവിധ പരിപാടികൾ സംഘടിപ്പിക്കും. അടൽജിയുടെ ജീവിത സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. ബൂത്ത്, പഞ്ചായത്ത് അടിസ്ഥാനത്തിൽ അന്ന് സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്താഷ്, ഒ.രാജഗോപാൽ എംഎൽഎ, മുൻ അധ്യഷൻ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ, എം.ടി രമേശ്, കെ.സുരേന്ദ്രൻ, എം.ഗണേശ്, ശോഭ സുരേന്ദ്രൻ എന്നിവർ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.