റിയാദ്- 60 ദിവസത്തിനകം രാജ്യത്തെ നിലവിലെ തൊഴിൽ വിപണി സാഹചര്യങ്ങൾ പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കണമെന്ന് വിവിധ സർക്കാർ വകുപ്പുകൾക്ക് മന്ത്രിസഭയുടെ നിർദേശം. ഇതു സംബന്ധിച്ച സർക്കുലർ ബന്ധപ്പെട്ട വകുപ്പുകൾക്ക് റോയൽ കോർട്ട് മേധാവി ഫഹദ് ബിൻ മുഹമ്മദ് അൽഈസ അയച്ചു. കഴിഞ്ഞാഴ്ച യമാമ കൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
തൊഴിൽ വിപണിയെ കുറിച്ച് പഠിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയിലെ തൊഴിലാളികളെയും കുറിച്ച് റിപ്പോർട്ട് തയ്യാറാക്കണം. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് റിപ്പോർട്ട് തയ്യാറാക്കേണ്ടത്. അതോടൊപ്പം പ്രധാനപ്പെട്ട പ്രൊഫഷനുകളും തൊഴിൽ സുരക്ഷക്കാവശ്യമായ സൗദിവത്കരണതോതും വിദ്യാഭ്യാസ മന്ത്രാലയം, സാങ്കേതിക തൊഴിൽ പരിശീലന കേന്ദ്രമായ ടി.വി.ടി.സി, ഹദഫ് എന്നിവയെ അറിയിക്കണമെന്നും തൊഴിൽമന്ത്രാലയത്തിന് നിർദേശമുണ്ട്.