Sorry, you need to enable JavaScript to visit this website.

ഷാര്‍ജക്ക് പിന്നാലെ ഉമ്മുല്‍ ഖുവൈനിലും മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

ഉമ്മുല്‍ഖുവൈന്‍- മലയാളി വിദ്യാര്‍ഥിനി നന്ദിതയുടെ മരണത്തിന്റെ നടുക്കം മാറും മുമ്പെ, യു.എ.ഇയില്‍ വീണ്ടും മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നും വീണുമരിച്ചു. ഉമ്മുല്‍ഖുവൈന്‍ ഇംഗ്ലീഷ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി മെഹക് ഫിറോസി(16) നെ കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ അഞ്ചരക്ക് ആയിരുന്നു സംഭവം.

ഉമ്മുല്‍ഖുവൈന്‍ കിംഗ് ഫൈസല്‍ സ്ട്രീറ്റിലെ നാഷനല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന് സമീപത്തെ എന്‍.ബി.24 ജിം എന്ന ആറുനില കെട്ടിടത്തിലെ ആറാം നിലയില്‍നിന്നാണ് വീണു മരിച്ചത്. കണ്ണൂര്‍ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷര്‍മിനാസിന്റെയും മകളാണ്. രണ്ടു സഹോദരങ്ങളുണ്ട്. സ്വന്തമായി ബിസിനസ് ചെയ്യുന്ന ഫിറോസ് നാട്ടിലാണുള്ളത്. സംഭവമറിഞ്ഞയുടന്‍ ബോധമറ്റു വീണ മാതാവ് ഷര്‍മിനാസ് ആശുപത്രിയിലാണുള്ളത്.

കുട്ടിയുടെ മരണത്തെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ സര്‍ട്ടിഫിക്കറ്റില്‍ കുട്ടി വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ വീഴ്ചയില്‍ തലയിടിച്ചാണ് മരണം. വിഷാദരോഗത്തിന് കുട്ടി നേരത്തെ ചികിത്സ തേടിയിട്ടുണ്ടെന്ന് കുടുംബ വൃത്തങ്ങള്‍ പറഞ്ഞു. മൂന്നു മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് മെഹക്. ശനിയാഴ്ച രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് തലവേദനക്ക് കുട്ടി ഗുളികകള്‍ കഴിച്ചിരുന്നതായും ഒരു ബന്ധു പറഞ്ഞു.
പുലര്‍ച്ചെ അഞ്ചരക്ക് പോലീസ് വിളിച്ചു പറയുമ്പോഴാണ് സംഭവത്തെക്കുറിച്ച് കുടുംബം അറിഞ്ഞതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരി പറഞ്ഞു. പോലീസ് കതകില്‍ മുട്ടുമ്പോള്‍, കുടുംബം പ്രഭാത പ്രാര്‍ഥനക്കായി എഴുന്നേറ്റിരുന്നു. മുനിസിപ്പാലിറ്റി ജീവനക്കാരാണ് കുട്ടിയെ നിലത്തുവീണ നിലയില്‍ കണ്ടെത്തുന്നതും പോലീസിനെ വിവരമറിയിക്കുന്നതും.
വീട്ടില്‍ ഉമ്മയും ഇളയ സഹോദരിയും എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ സഹോദരനും സന്ദര്‍ശക വിസയിലെത്തിയ വല്യുമ്മയുമുണ്ടായിരുന്നു. അല്‍ മദീന പോലീസാണ് കേസ് അന്വേഷിക്കുന്നത്.    
കഴിഞ്ഞ ദിവസം കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നന്ദിതയുടെ കാര്യത്തിലും അന്വേഷണം തുടരുകയാണ്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

 

 

Latest News