റിയാദ്- ശാസ്ത്രജ്ഞരും ഡോക്ടർമാരും അടക്കം വിവിധ മേഖലകളിൽ മികവ് തെളിയിച്ച 300 പ്രതിഭകൾക്ക് പ്രതിവർഷം സൗദി പൗരത്വം അനുവദിക്കും. ബന്ധപ്പെട്ട വകുപ്പുകൾ ഓരോ വർഷവും നാമനിർദേശം ചെയ്യപ്പെടുന്നവരുടെ കൂട്ടത്തിൽ നിന്നാണ് 300 പേർക്ക് സൗദി പൗരത്വം അനുവദിക്കുക.
മികച്ച പ്രതിഭകൾക്ക് പൗരത്വം നൽകാനുള്ള പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകിയിട്ടുണ്ട്. വൈദ്യശാസ്ത്ര, ശാസ്ത്ര, സാംസ്‌കാരിക, കായിക വിനോദ, സാങ്കേതിക മേഖലകളിലെ പ്രതിഭകൾക്ക് പൗരത്വം നൽകാനാണ് തീരുമാനം. സൗദി പൗരത്വം അനുവദിക്കുന്നതിന് യോഗ്യരായവരുടെ പേരുകൾ ലോകത്തെവിടെ നിന്നും നാമനിർദേശം ചെയ്യാൻ സൽമാൻ രാജാവ് ഉത്തരവിട്ടു.
സൗദിയിൽ കഴിയുന്ന കുടിയേറ്റ ഗോത്രങ്ങളിലെയും വിദേശികളിലെയും വിവാഹ ബന്ധങ്ങളിൽ സൗദി വനിതകൾക്ക് പിറന്ന മക്കളുടെയും സൗദിയിൽ ജനിച്ചു വളർന്നവരുടെയും കൂട്ടത്തിലുള്ള, മാനദണ്ഡങ്ങൾ പൂർണമായ പ്രതിഭകൾക്കും പൗരത്വം നൽകും. വ്യത്യസ്ത മേഖലകളിൽ രാജ്യത്തിന് ഗുണകരമായി മാറുകയും വികസനം ശക്തമാക്കുന്നതിന് സഹായകമാവുകയും ചെയ്യുന്ന നിലക്ക് ലോകത്തെങ്ങും നിന്നുള്ള പ്രതിഭകളെ സൗദിയിലേക്ക് ആകർഷിച്ച് രാജ്യത്തെ സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് വിഷൻ-2030 പദ്ധതി ലക്ഷ്യമിടുന്നത്.
ഫോറൻസിക് മെഡിസിൻ, വൈദ്യശാസ്ത്രം, ഫാർമസ്യൂട്ടിക്കൽസ്, ഗണിതശാസ്ത്രം, കംപ്യൂട്ടർ, സാങ്കേതികവിദ്യ, കൃഷി, ആണവ-പുനരുപയോഗ ഊർജം, വ്യവസായം, പെട്രോളിയം, ഗ്യാസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ആപ്പുകൾ, ഡാറ്റകൾ, പ്രോഗ്രാം എൻജിനീയറിംഗ്, റോബോട്ട്, നാനോ ടെക്‌നോളജി, പരിസ്ഥിതി, ഭൂമിശാസ്ത്രം, ശൂന്യാകാശ ശാസ്ത്രം, ഏവിയേഷൻ എന്നീ മേഖലകളിലെ ശാസ്ത്രജ്ഞർക്കും ആഗോള പ്രതിഭകൾക്കും പൗരത്വം അനുവദിക്കും. സംസ്‌കാരം, കായിക വിനോദം, കല, സമുദ്രജല ശുദ്ധീകരണം എന്നിവ അടക്കമുള്ള മേഖലകളിലെ മികച്ച പ്രതിഭകൾക്കും പൗരത്വം നൽകും.