മക്ക - ലോട്ടറി ടിക്കറ്റ് നിർമാണ കേന്ദ്രം നടത്തിയ മൂന്നംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പാക്കിസ്ഥാനികളും ബർമക്കാരനുമാണ് അറസ്റ്റിലായത്. പ്രതികളെ അസീസിയ പോലീസ് ചോദ്യം ചെയ്തുവരികയാണ്. താമസസ്ഥലം കേന്ദ്രീകരിച്ച് സംശയകരമായ പ്രവർത്തനം നടത്തുന്ന വിദേശികളെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് രഹസ്യ നിരീക്ഷണം നടത്തി നിജസ്ഥിതി ഉറപ്പുവരുത്തിയാണ് സംഘത്തിന്റെ താവളം കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തത്. വിതരണത്തിന് തയാറാക്കിയ നൂറു കണക്കിന് കാർട്ടൺ ലോട്ടറി ടിക്കറ്റുകളും അച്ചടിക്കും പേക്കിംഗിനും ഉപയോഗിക്കുന്ന വലിയ ഉപകരണങ്ങളും സംഘത്തിന്റെ താവളത്തിൽ കണ്ടെത്തി. അന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് വൈകാതെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.