Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫ്‌ളോറിഡ വെടിവെപ്പ് ഇസ്‌ലാമിക മൂല്യങ്ങൾക്ക് വിരുദ്ധം - ഒ.ഐ.സി; അക്രമിയെ തള്ളിപ്പറഞ്ഞ് ഗോത്രം

സഅദ് അൽശംറാനി 

റിയാദ് - അമേരിക്കയിലെ ഫ്‌ളോറിഡയിൽ സൈനിക താവളത്തിൽ വെടിവെപ്പ് നടത്തിയ സൗദി വിദ്യാർഥി മുഹമ്മദ് സഈദ് അൽശംറാനിയെ ഗോത്രം തള്ളിപ്പറഞ്ഞു. മുഹമ്മദ് തങ്ങളുടെ ഗോത്രത്തെയോ കുടുംബത്തെയോ പ്രതിനിധീകരിക്കുന്നില്ലെന്നും കുടുംബ വൃത്തങ്ങൾ പറഞ്ഞു.

അക്രമത്തെ അപലപിക്കുന്നതായി വെടിവെപ്പ് നടത്തിയ മുഹമ്മദ് അൽശഹ്‌റാനിയുടെ പിതൃസഹോദരൻ സഅദ് ബിൻ ഹൻതം അൽശംറാനി പറഞ്ഞു. മുഹമ്മദ് അൽശംറാനി സ്വന്തത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. 


കുടുംബം വെച്ചുപുലർത്തുന്ന മാനവിക മൂല്യങ്ങളും ഭരണാധികാരികളോടുള്ള കൂറും രാജ്യത്തോടുള്ള ആത്മാർഥതയും സൗദി അറേബ്യയുടെ യഥാർഥ ചിത്രം പ്രതിഫലിപ്പിക്കുന്നതിനുള്ള ആഗ്രഹവും പിതൃസഹോദര പുത്രൻ പ്രതിനിധീകരിക്കുന്നില്ല. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ കാലാകാലമായി തങ്ങളുടെ ഗോത്രം ഭരണാധികാരികളോടും രാഷ്ട്രത്തോടും തിളക്കമാർന്ന നിലപാടുകളാണ് വെച്ചുപുലർത്തുന്നത്. 


സൗദി സമൂഹം അംഗീകരിക്കാത്ത ഈ ആക്രമണത്തെ തങ്ങളുടെ കുടുംബവും അപലപിക്കുകയാണ്. മുഹമ്മദ് അൽശംറാനി സൈനിക താവളത്തിൽ വെടിവെപ്പ് നടത്തിയെന്ന വാർത്ത ഇടിത്തീപോലെയാണ് തങ്ങളുടെ മേൽ പതിച്ചത്. ഗോത്രത്തിലെ മുഴുവൻ അംഗങ്ങളും എക്കാലവും സഹിഷ്ണുതാമൂല്യങ്ങൾ എടുത്തുപറയുകയും തീവ്രവാദത്തെ നിരാകരിക്കുകയും ചെയ്യുന്നു. ദീർഘകാലം സൈന്യത്തിൽ സേവനമുഷ്ഠിച്ചാണ് മുഹമ്മദിന്റെ പിതാവ് സർവീസിൽ നിന്ന് വിരമിച്ചത്.


 റഡാറുകളും നാവിഗേഷൻ സംവിധാനങ്ങളും അടക്കം എയർപോർട്ട് ഉപകരണങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ഉപരിപഠനത്തിനാണ് സർക്കാർ സ്‌കോളർഷിപ്പോടെ മുഹമ്മദിനെ അമേരിക്കയിലേക്ക് അയച്ചതെന്നും സഅദ് ബിൻ ഹൻതം അൽശംറാനി പറഞ്ഞു. 


ഫ്‌ളോറിഡയിൽ സൈനിക താവളത്തിൽ സൗദി സൈനിക വിദ്യാർഥി നടത്തിയ വെടിവെപ്പ് സൗദി ജനതയും ലോക മുസ്‌ലിംകളും വെച്ചുപുലർത്തുന്ന ഇസ്‌ലാമിന്റെ സഹിഷ്ണുതാ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ പറഞ്ഞു. സൗദികളും ലോക മുസ്‌ലിംകളും സഹിഷ്ണുതയിലും മിതവാദത്തിലും മാനവ സംസ്‌കാരങ്ങളോടുള്ള തുറന്ന കാഴ്ചപ്പാടിലും വിശ്വസിക്കുന്നവരാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ അനുശോചനം അറിയിച്ചു. 


അതേസമയം, ഫ്‌ളോറിഡ ആക്രമണം സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് മലേഷ്യയിലെ സൗദി അംബാസഡർ മഹ്മൂദ് ഖത്താൻ പറഞ്ഞു. ഇരു രാജ്യങ്ങളും രണ്ടു രാജ്യങ്ങളിലെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതിൽ ഫ്‌ളോറിഡ ആക്രമണം വിജയിക്കില്ലെന്നും മഹ്മൂദ് ഖത്താൻ പറഞ്ഞു.

സൗദി വിദ്യാർഥിയുടെ ചെയ്തി ഇസ്‌ലാമിക ശരീഅത്തും വിവേകവും അടിസ്ഥാന മൂല്യങ്ങളും അംഗീകരിക്കുന്നില്ലെന്ന് മദീന ഖുബാ മസ്ജിദ് ഇമാമും ഖതീബുമായ ശൈഖ് സ്വാലിഹ് അൽമഗാംസി പറഞ്ഞു. എല്ലാ തരത്തിലുള്ള ഭീകരതയെും ശക്തിയുക്തം എതിർക്കുന്ന ഭരണാധികാരികൾക്കു പിന്നിൽ സൗദി ജനത ഒറ്റക്കെട്ടായി ഉറച്ചുനിൽക്കുന്നതായും ഖുബാ ഇമാം പറഞ്ഞു. 

അക്രമി സൗദി ജനതയെയോ ഗവൺമെന്റിനെയോ പ്രതിനിധീകരിക്കുന്നില്ലെന്ന് പ്രമുഖ പ്രബോധകൻ ആയിദ് അൽഖർനി പറഞ്ഞു. ഭീകരതയുടെ കെടുതി ഏറ്റവും കൂടുതൽ അനുഭവിക്കുകയും ലോകത്ത് ഏറ്റവും ശക്തമായി ഭീകര വിരുദ്ധ പോരാട്ടം നടത്തുകയും ചെയ്ത രാജ്യമാണ് സൗദി അറേബ്യ. 


ഭൂമിയിൽ കുഴപ്പങ്ങൾക്ക് ശ്രമിക്കുകയും നിരപരാധികളെ കൊലപ്പെടുത്തുകയും ചെയ്യുന്നവരുമായി ഇസ്‌ലാമിന് ഒരുവിധ ബന്ധവുമില്ലെന്നും ആയിദ് അൽഖർനി പറഞ്ഞു. ഫ്‌ളോറിഡ അക്രമി സൗദി ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്ന് മുൻ ഹറം ഇമാം ആദിൽ അൽകൽബാനിയും പറഞ്ഞു. ഫ്‌ളോറിഡ ആക്രമണത്തെ അപലപിക്കുന്നതിന് ട്വിറ്ററിൽ ആരംഭിച്ച ഹാഷ്ടാഗിൽ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ആയിരക്കണക്കിന് സൗദികൾ അപലപിച്ച് സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു. 

 

 

Latest News