റിയാദ് - ലോകമെങ്ങും സൗദികൾ ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നതായി അമേരിക്കയിലെ മുൻ സൗദി അംബാസഡർ കൂടിയായ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സൗദി അറേബ്യ അമേരിക്കക്കാർക്കൊപ്പം നിലയുറപ്പിക്കും.
നിരവധി സൗദി സൈനികരെ പോലെ താനും അമേരിക്കൻ സൈനിക താവളത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ഭീകരതക്കും മറ്റു ഭീഷണികൾക്കുമെതിരെ സഖ്യരാജ്യക്കാരായ അമേരിക്കക്കാർക്കൊപ്പം നിലയുറപ്പിച്ച് പോരാടുന്നതിനാണ് ഈ പരിശീലനം പ്രയോജനപ്പെടുത്തിയത്.
പെൻസകോള സൈനിക താവളത്തിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ നിരവധി സൗദി സൈനികർ ലോകത്തെങ്ങും യുദ്ധമുന്നണികളിൽ അമേരിക്കക്കാർക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. മേഖലാ, ആഗോള സുരക്ഷ സംരക്ഷിക്കുന്നതിന് ഇത് സഹായകമായി.
ദാരുണമായ സംഭവമാണ് സൈനിക താവളത്തിലുണ്ടായത്. ഇതിനെ അതിശക്തമായി അപലപിക്കുന്നതായും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
പൈശാചിമായ കുറ്റകൃത്യമാണ് ഫ്‌ളോറിഡയിലുണ്ടായതെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. അക്രമിയെ വകവരുത്തുകയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുകയും ചെയ്ത സുരക്ഷാ സൈനികരുടെ ധീരതയെ പ്രശംസിക്കുന്നതായും വിദേശ മന്ത്രി ട്വീറ്റ് ചെയ്തു.
ഫ്‌ളോറിഡ ആക്രമണത്തെ സൗദി അറേബ്യ ഒന്നടങ്കം അപലപിക്കുന്നതായി അമേരിക്കയിലെ സൗദി അംബാസഡർ റീമ രാജകുമാരി പറഞ്ഞു. കടുത്ത സാഹചര്യങ്ങളിൽ സൗദി അറേബ്യ അമേരിക്കക്കാർക്കൊപ്പം നിലയുറപ്പിക്കും. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് സഹതാപമുണ്ട്. അമേരിക്കയിൽ സൈനിക പരിശീലനം നേടിയ വ്യോമസേനാ പൈലറ്റിന്റെ മകൾ എന്നോണം ഈ ദുരന്തം തനിക്ക് പ്രത്യേക വേദന സമ്മാനിക്കുന്നു. ഈ ആക്രമണത്തെ അപലപിക്കുന്നതിൽ സൗദി ജനത ഒറ്റക്കെട്ടാണ്. മോശം സാഹചര്യങ്ങളിൽ സൗദി ജനത അമേരിക്കക്കാരുമായി ഐക്യദാർഢ്യത്തിലാണെന്നും റീമ രാജകുമാരി പറഞ്ഞു.
അതിക്രൂരവും നീചവുമായ കുറ്റകൃത്യമാണ് സൗദി വിദ്യാർഥി നടത്തിയതെന്ന് ഉന്നത പണ്ഡിതസഭ പ്രസ്താവനയിൽ പറഞ്ഞു. നിരപരാധികളുടെ രക്തം ചിന്തൽ ഇസ്‌ലാം കുറ്റകരമാക്കുന്നു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ച ഉന്നത പണ്ഡിതസഭ പരിക്കേറ്റവർക്ക് വേഗത്തിൽ ശമനമുണ്ടാകട്ടെയെന്ന് പ്രത്യാശിക്കുകയും ചെയ്തു. സൗദി ജനത അതിന്റെ ഉത്തമമൂല്യങ്ങളോടെ ഈ ലോകത്തിന്റെ ഭാഗമായി നിലനിൽക്കും. ലോക നിർമിതിയിൽ സംഭാവന നൽകുന്ന സൗദി ജനത മാനവകുലത്തിന്റെ ഗുണത്തിനും സുരക്ഷക്കും വേണ്ടി നന്മയുടെ മാർഗത്തിലുള്ള ആർജിത നേട്ടങ്ങൾ സംരക്ഷിക്കുന്നതായും ഉന്നത പണ്ഡിതസഭ പറഞ്ഞു.