Sorry, you need to enable JavaScript to visit this website.

പ്രണയ വിവാഹം തടയാന്‍ മനോരോഗ ചികിത്സ; മലപ്പുറത്ത് യുവതിയെ പോലീസ് മോചിപ്പിച്ചു

പെരിന്തല്‍മണ്ണ- പ്രണയവിവാഹം നടക്കാതിരിക്കാന്‍ ബന്ധുക്കള്‍ മനോരോഗ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച  യുവതിയെ  പോലീസ് മോചിപ്പിച്ചു. കാമുകനായ യുവാവിന്റെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി. പെരിന്തല്‍മണ്ണ ചെറുകര മലറോഡ് സ്വദേശിനിയായ സാബിഖ (27) യെയാണ് പിതാവും ജ്യേഷ്ഠനും ബന്ധുക്കളും ഇടുക്കി, എറണാകുളം ജില്ലകളിലെ പല മാനസിക ചികിത്സാ കേന്ദ്രങ്ങളിലായി ഒരു മാസത്തോളം പാര്‍പ്പിച്ചത്. മുക്കം കെ.എം.സി.ടി കോളേജില്‍ ബി.ഡി.എസിനു പഠിക്കുന്ന യുവതി ഏഴു വര്‍ഷമായി തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിയായ ഗഫൂര്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന് സാമ്പത്തിക ശേഷി ഇല്ലെന്നും സൗന്ദര്യം കുറവാണെന്നും പറഞ്ഞ്  വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. തുടര്‍ന്ന് യുവാവിനൊപ്പം താമസിച്ചു വന്നിരുന്ന യുവതി സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കിയിരുന്നു.
ഇക്കാര്യമറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ ഇരുവരെയും വിളിച്ച് വീട്ടിലേക്ക് വരണമെന്നും വിവാഹം നടത്തിത്തരാമെന്നും വാഗ്്ദാനം ചെയ്തു. ഇതനുസരിച്ച് യുവതി നവംബര്‍ മൂന്നിനു സ്വന്തം വീട്ടിലെത്തി. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം യുവതിയെ കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ ഗഫൂര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. കോടതി രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും യുവതിയെ ഹാജരാക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. മകള്‍ എവിടെയാണെന്ന് അറിയില്ലെന്ന സത്യവാങ്മൂലമാണ് യുവതിയുടെ പിതാവ് കോടതിയില്‍ നല്‍കിയത്. തുടര്‍ന്നു യുവതിയെ കണ്ടെത്താന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ യുവതിയെ കൂത്താട്ടുകുളത്തെ ഒരു മാനസിക ചികിത്സാ കേന്ദ്രത്തില്‍ പോലീസ് കണ്ടെത്തി.  മാനസിക രോഗങ്ങളൊന്നും ഇല്ലാതിരുന്ന തന്നെ പിതാവും ബന്ധുക്കളും കൂടി ആദ്യം തൊടുപുഴയിലെ പൈങ്കുളത്തെ ഒരു മാനസിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് കൂത്താട്ടുകുളത്തെ മാനസിക ചികിത്സാ കേന്ദ്രത്തിലും 30 ദിവസത്തോളം അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി യുവതി പറഞ്ഞു. നവംബര്‍ അഞ്ചിന് രാത്രി ബന്ധുക്കളും പൈങ്കുളം ആശുപത്രി ജീവനക്കാരും തന്നെ ബലമായി പിടിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. 30 ദിവസത്തിനു ശേഷം പോലീസെത്തി രക്ഷിച്ചപ്പോഴാണ് താന്‍ പുറംലോകം കണ്ടതെന്നും യുവതി പറഞ്ഞു.
യുവതിയുടെ പിതാവായ ചെറുകര വാഴത്തൊടി അലി, സഹോദരന്‍ ഷഫീഖ്, ബന്ധു നാട്ടുകല്‍ 53 സ്വദേശി ഷഹീന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. യുവതിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിനു കൂട്ടുനിന്ന മാനസിക ചികിത്സാ കേന്ദ്രങ്ങള്‍ക്കെതിരെയും അന്വേഷണം നടത്തും. ഇരകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനു തൃശൂര്‍ റൂറല്‍ എസ്.പിക്ക് നിര്‍ദേശം നല്‍കി.
യുവതിയെ പിന്നീട് കോടതി യുവാവിനൊപ്പം വിട്ടു. മാനസികാരോഗ്യ ചികില്‍സാ കേന്ദ്രത്തിലെ മരുന്നുകളുടെ പാര്‍ശ്വഫലം മൂലം ക്ഷീണിതയായ യുവതിയെ ആരോഗ്യം വീണ്ടെടുക്കുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Latest News