കൊച്ചി- മതിയായ രേഖകളില്ലാത്ത 34.7 ലക്ഷം രൂപ മൂല്യമുള്ള സൗദി റിയാലുമായി യുവാവ് പിടിയിൽ. കോഴിക്കോട് കരിയത്തിൻകാവ് മാടയിൽ വീട്ടിൽ എം.എ.അബിനാണ് (24) അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പ്രത്യേക സ്‌ക്വാഡിന്റെ പിടിയിലായത്. ഒരു റിയാൽ മുതൽ 100 റിയാൽ വരെയുള്ള 1,82,651 നോട്ടുകൾ ഇയാളിൽനിന്ന് ആർ.പി.എഫ് പിടിച്ചെടുത്തു. ബാക്ക് പാക്കിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കറൻസി. കണ്ണൂർ-ആലപ്പി എക്സ്പ്രസിൽ യാത്ര ചെയ്ത ഇയാൾ അങ്കമാലി സ്റ്റേഷനിൽ ഇറങ്ങുന്നിതിനിടെയായിരുന്നു അറസ്റ്റ്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഒരു സ്ഥാപനത്തിലേക്ക് കൈമാറാനായാണ് പണം കൊണ്ടുവന്നതെന്ന് ഇയാൾ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ആർ.പി.എഫ് പറഞ്ഞു.
പ്രതിയെ തുടർ നിയമ നടപടികൾക്കായി കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറി. ശബരിമല സീസൺ കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആർ.പി.എഫ് അറിയിച്ചു.