Sorry, you need to enable JavaScript to visit this website.

പോലീസ് സുരക്ഷ പിൻവലിച്ചു; സർക്കാരിനെ വിമർശിച്ചതാകാം  കാരണമെന്ന് ജസ്റ്റിസ് കെമാൽ പാഷ 

കൊച്ചി- ഐ.എസിന്റെ ഭീഷണിയെ തുടർന്ന് ജസ്റ്റിസ് കെമാൽ പാഷക്ക് ഏർപ്പെടുത്തിയ പോലീസ് സുരക്ഷ സർക്കാർ പിൻവലിച്ചു. വാളയാർ കേസ്, മാവോവാദികളെ വെടിവെച്ചു കൊല്ലൽ അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ചതാകാം കാരണമെന്ന് ജസ്റ്റിസ് കെമാൽ പാഷ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 
സുരക്ഷ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പോലീസ് ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ചത്. നിലവിലെ സാഹചര്യത്തിൽ സുരക്ഷ ആവശ്യമില്ലെന്നും അതിനാൽ നാലു സുരക്ഷ ജീവനക്കാരും മാതൃയൂനിറ്റുകളിലേക്ക് തിരിച്ചു പോകണമെന്നുമാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. 
നാലു ജീവനക്കാരും ഇന്നലെ ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങിപ്പോയി. 


ഹോം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സമിതി നടത്തിയ അവലോകനത്തിൽ സുരക്ഷ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിൻവലിച്ചതെന്നാണ് വിവരമെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. 
മാനദണ്ഡം എന്താണെന്ന് അറിയില്ല. ചോദിച്ചിട്ടല്ല അവർ സുരക്ഷ ഏർപ്പെടുത്തിയത്. നേരത്തെ തനിക്ക് നാല് സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. പിന്നീട് രണ്ടു വർഷം മുമ്പ് അവരെ ആയുധം നൽകിക്കൊണ്ടുള്ള സുരഷാ ഉദ്യോഗസ്ഥരാക്കി മാറ്റി. 


ഐ.എസിന്റെ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് അങ്ങനെ ചെയ്തത് -ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. പിന്നീട് കനകമല കേസു വന്നു. അതിൽ അവർ കൊല്ലാൻ തീരുമാനിച്ചുവെന്നു പറയുന്ന ഹൈക്കോടതി ജഡ്ജിമാരിൽ ഒരാൾ ഞാനാണെന്ന് അറിയിച്ചിരുന്നു. ഇതും സ്പെഷ്യൽ ബ്രാഞ്ചിൽനിന്നുള്ള വിവരമായിരുന്നു. അത്തരത്തിലുള്ള ഭീഷണികളൊന്നും കാര്യമായി എടുത്തിരുന്നില്ല. 
കൊല്ലേണ്ട കാര്യമെന്താണെന്ന് എനിക്കറിയില്ല. അതിനു ശേഷവും ഇപ്പോഴുമൊക്കെ ധാരളം ഭീഷണിയുണ്ട്- ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. പോലീസ് അസോസിയേഷന് തന്നെ അത്ര താൽപര്യമില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.


വാളയാറിലെ പെൺകുട്ടികൾക്ക് നീതി കിട്ടാതെ പോയതിനെക്കുറിച്ചും അന്വേഷണ നടപടികളെ കുറിച്ചും ധാരാളം വിമർശനം നടത്തിയിരുന്നു. ഡിവൈ.എസ.്പിയെ സർവീസിൽനിന്നും പിരിച്ചു വിടണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം പാലക്കാട് മാവോവാദികളെ വെടിവെച്ചുകൊന്നതിനെതിരെയും പ്രതികരിച്ചു. മാവോവാദികൾ വേണമെന്നല്ല പറയുന്നത്. അവർ വെറുക്കപ്പെടേണ്ടവരാണു താനും. പക്ഷേ അവരെ കൊല്ലാൻ പാടില്ല. അതിന് നിയമം അനുശാസിക്കുന്നില്ല. ഇതൊക്കെ സർക്കാരിന് ബുദ്ധിമുട്ടായിക്കാണും. പക്ഷേ, ഇതുകൊണ്ടൊന്നും എന്നെ ഒതുക്കാമെന്ന് വിചാരിക്കേണ്ട. ഒരു ഭീഷണിയും വകവെയ്ക്കുന്നില്ല. ശബ്ദമില്ലാത്തവന്റെ ശബ്ദമായി ഇനിയും പ്രവർത്തിക്കും -ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

 

Latest News