മലപ്പുറം- കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്ന പൗരത്വ ഭേദഗതി ബില്ലിനെ ലോക്സഭയിലും രാജ്യസഭയിലും ശക്തമായി പ്രതിരോധിക്കുമെന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്ല് പാസാകരുതെന്നാണ് മുസ്ലിം ലീഗിന്റെ ആഗ്രഹം. ഇക്കാര്യത്തിൽ കോൺഗ്രസും ശക്തമായിത്തന്നെ രംഗത്തുണ്ട്. മതേതരകക്ഷികളെ ബില്ലിനെതിരെ ഒന്നിപ്പിക്കുന്നതിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിൽ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ ചേർന്നു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തും. രാജ്യസഭയിൽ ബില്ല് പരാജയപ്പെടുത്താൻ കഴിയുമെന്നാണ് വിശ്വാസമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഇതു ഭരണഘടനാ വിരുദ്ധമാണ്. സമൂഹത്തിൽ ഹാനികരമായ പ്രത്യാഘാതങ്ങളാണ് ഇതു സൃഷ്ടിക്കുകയെന്നും ഏതെങ്കിലും മതത്തിൽ പെട്ടവരെ മാറ്റിനിർത്തുന്നത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനു ചേർന്നതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളികൾക്കു ശിക്ഷ ലഭിക്കണമെന്നും ശിക്ഷ നിയമവ്യവസ്ഥയിലൂടെ നടക്കുന്നതാണ് നല്ലതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി.