Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഏറ്റവും തിരക്കേറിയ പാത മക്ക-ജിദ്ദ റോഡ്

റിയാദ് - സൗദി അറേബ്യയിൽ ഏറ്റവുമധികം വാഹനങ്ങൾ കടന്നുപോകുന്ന റോഡ് മക്ക-ജിദ്ദ റോഡ് ആണെന്ന് ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. പ്രതിദിനം ശരാശരി 67,000 കാറുകൾ അഞ്ചു ട്രാക്കുള്ള മക്ക-ജിദ്ദ റോഡിലൂടെയും 59,000 കാറുകൾ ജിദ്ദ-മക്ക റോഡിലൂടെയും സഞ്ചരിക്കുന്നുണ്ട്. ദിവസേന ശരാശരി ആറായിരത്തിലേറെ ലോറികളും ഈ റോഡുകൾ ഉപയോഗിക്കുന്നു. പ്രധാന റോഡുകളുടെ കൂട്ടത്തിൽ അബഹ-ദർബ് റോഡിലാണ് വാഹന ഗതാഗതം ഏറ്റവും കുറവ്. ദിവസേന ശരാശരി 17,581 വാഹനങ്ങൾ മാത്രമാണ് ഈ റോഡ് ഉപയോഗിക്കുന്നത്. ബഖീഖ്-സീപോർട്ട്, ദഹ്‌റാൻ ജുബൈൽ റോഡുകളിൽ വാഹന ഗതാഗതം ശ്രദ്ധേയമായ നിലയിൽ വർധിച്ചിട്ടുണ്ട്. ഈ റോഡുകളിൽ ചരക്ക് ലോറി ഗതാഗതവും ഉയർന്നിട്ടുണ്ട്. 
നിശ്ചിത വേഗപരിധി ഏറ്റവും കൂടുതൽ ലംഘിക്കുന്ന റോഡ് സുലൈൽ-നജ്‌റാൻ റോഡ് ആണ്. ഈ റോഡിലൂടെ കടന്നുപോകുന്ന കാറുകളിൽ 53 ശതമാനവും മണിക്കൂറിൽ 140 ഉം അതിൽ കൂടുതലും വേഗത്തിൽ സഞ്ചരിക്കുന്നവയാണ്. ഈ അനുപാതം സുലൈൽ-റിയാദ് റോഡിൽ  52 ശതമാനവും റിയാദ്-അൽറൈൻ-ബീശ റോഡിൽ 48 ശതമാനവും അൽവജ്-ഉംലജ് റോഡിൽ 39 ശതമാനവും മദീന-അൽഉല റോഡിൽ 39 ശതമാനവും ആണ്. ലോറികളും ട്രക്കുകളും വേഗപരിധി ഏറ്റവും കൂടുതൽ ലംഘിക്കുന്നത് റിയാദ്-സ്വൽബൂഖ് റോഡിലാണ്. ഈ റോഡ് ഉപയോഗിക്കുന്ന 66 ശതമാനം ലോറികളും നിശ്ചിത വേഗപരിധി ലംഘിക്കുന്നു. രണ്ടാം സ്ഥാനത്ത് അൽബാഹ-തായിഫ് റോഡ് ആണ്. ഈ റോഡ് ഉപയോഗിക്കുന്ന 60 ശതമാനം ലോറികൾ വേഗപരിധി ലംഘിക്കുന്നു.  ഏറ്റവും കൂടുതൽ വാഹനങ്ങൾ പ്രവേശിക്കുന്ന നഗരം റിയാദ് ആണ്. അൽഖസീം റോഡ് വഴി 80,000 ലേറെ വാഹനങ്ങളും ദമാം റോഡ് വഴി 61,000 ലേറെ വാഹനങ്ങളും ദിവസേന റിയാദിൽ പ്രവേശിക്കുന്നു. തായിഫ് റോഡ് വഴിയാണ് ഏറ്റവും കുറവ് വാഹനങ്ങൾ റിയാദിൽ പ്രവേശിക്കുന്നത്. അര ലക്ഷത്തിൽ കുറവ് വാഹനങ്ങൾ മാത്രമാണ് ഈ റോഡ് വഴി ഓരോ ദിവസവും റിയാദിൽ പ്രവേശിക്കുന്നത്. തലസ്ഥാന നഗരിയിൽ ദിവസേന രണ്ടു ലക്ഷത്തിലേറെ വാഹനങ്ങൾ പ്രവേശിക്കുന്നുണ്ടെന്നാണ് കണക്ക്.
 

Latest News