കൊച്ചി- കൊച്ചി കോർപറേഷനിലെ സ്ഥിരം സമിതി അധ്യക്ഷൻമാർ രാജിവെക്കാൻ തുടങ്ങിയതോടെ കൊച്ചി മേയർ സൗമിനി ജെയിന്റെ രാജിയ്ക്കായി സമ്മർദ്ദം ശക്തമായി. ജനുവരിയോടെ സൗമിനി രാജിവെച്ച് പുതിയ മേയർ അധികാരത്തിലെത്തുമെന്നും സൂചന. രണ്ടര വർഷത്തിനു ശേഷം മേയർ മാറണമെന്ന് മുൻ ധാരണയുണ്ടായിരുന്നുവെന്നും എന്നാൽ സമയപരിധി കഴിഞ്ഞിട്ടും ഇത് നീണ്ടു പോകുകയായിരുന്നുവെന്നുമാണ് പറയുന്നത്. ഇതിനിടയിലാണ് അടുത്തിടെയുണ്ടായ പ്രളയത്തിൽ കൊച്ചി നഗരം മുങ്ങിയത്. എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ദിവസമുണ്ടായ കനത്ത മഴയിൽ കൊച്ചി നഗരം മുങ്ങിയതോടെ ആളുകൾക്ക് വോട്ടു ചെയ്യാൻ പോലും പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ കോട്ടയായിരുന്ന എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ടി.ജെ വിനോദ് ഉപതിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ മാത്രം കടന്ന് കൂടുകയും ചെയ്തതോടെ മേയർക്കെതിരെ കോൺഗ്രസിൽ കലാപം ഉയരുകയും ചെയ്തു. ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷമായ വിമർശനമാണ് കൊച്ചി കോർപറേഷനെതിരെ ഉണ്ടായത്. ഇതോടെ മേയറെ മാറ്റണമെന്ന് കോൺഗ്രസിലെ എ ഗ്രൂപ്പിലെ ഒരു വിഭാഗവും ഐ ഗ്രൂപ്പും ശക്തമായ നിലപാടെടുത്തു.
ഹൈബി ഈഡൻ എംപി അടക്കം മേയർക്കെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.തുടർന്നാണ് വിഷയം കെപിസിസിയുടെ പരിഗണനയക്ക് വിട്ടത്.മേയറും സ്ഥിരം സമിതി അധ്യക്ഷൻമാരും മാറി പുതിയ ആളുകൾ പദവിയിലെത്തണമെന്നാണ് ആവശ്യം. ഇതിന്റെ ഭാഗമായി സ്ഥിരം സമിതി അധ്യക്ഷ പദവി വഹിച്ചിരുന്ന ഷൈനിമാത്യു, കെ. വി. പി കൃഷ്ണകുമാർ എന്നിവർ കഴിഞ്ഞ ഏതാനും ദിവസം മുമ്പ് രാജിവെച്ചിരുന്നു. ശേഷിച്ചവരിൽ എ.ബി സാബുവും ഗ്രേസി ജോസഫും രാജിവെയ്ക്കാതെ നിൽക്കുകയായിരുന്നു. ഒടുവിൽ ഇന്നലെ എ.ബി സാബുവും രാജി വെച്ചു.
ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ് എംഎൽഎ കഴിഞ്ഞദിവസം സാബുവിനോട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേരത്തെ ഡിസിസി ആവശ്യപ്പെട്ടപ്പോൾ എ ഗ്രൂപ്പുകാരനായ എ.ബി സാബുവും ഗ്രേസി ജോസഫും രാജിവയ്ക്കാൻ ഒരുക്കമല്ലെന്ന ഉറച്ച നിലപാടാണ് അന്ന് സ്വീകരിച്ചത്. ഇപ്പോൾ സമ്മർദം ശക്തമായതോടെയാണ് തീരുമാനത്തിൽ നിന്ന് പിൻമാറാൻ സാബു തയാറായത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി. ഡി സതീശൻ എംഎൽഎ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സാബു രാജിവെച്ചതെന്നാണ് വിവരം. ഗ്രേസി ജോസഫും ഇപ്പോൾ രാജിക്കുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്. ഈ മാസം 11 ന് ഗ്രേസി ജോസഫ് രാജി വെയ്ക്കുമെന്നാണ് വിവരം. ഇവർ കൂടി രാജിവെക്കുന്നതോടെ സ്ഥിരം സമിതി അധ്യക്ഷൻമാരുടെ രാജി പൂർത്തിയാകും. ഇതോടെ സൗമിനി ജെയിനും മേയർ സ്ഥാനം രാജിവെക്കേണ്ടി വരുമത്രെ. ജനുവരി രണ്ടു വരെയാണ് മേയർക്ക് രാജിവെക്കാനുള്ള സമയം അനുവദിച്ചിട്ടുള്ളതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്. ഉറച്ച പിന്തുണയുമായിനിന്ന സാബുവും ഗ്രേസിയും രാജിവയ്ക്കുന്ന സാഹചര്യത്തിൽ സൗമിനിക്ക് ഇനിയും മേയർ സ്ഥാനത്ത് പിടിച്ചു നിൽക്കാനാകില്ലെന്നും ഇവർ വിലയിരുത്തുന്നു.
മുൻ ധാരണ പ്രകാരം കോർപറേഷൻ ഭരണ സമിതിയിൽ അധികാരമാറ്റം സാധ്യമാക്കുന്നതിനായി നവംബർ 23ന് മുമ്പ് കോൺഗ്രസ് ഭരിക്കുന്ന സ്ഥിരംസമിതി ചെയർമാൻമാർ രാജിവയ്ക്കണമെന്ന് ഡിസിസി നേതൃത്വം നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് ഷൈനി മാത്യു 22ന് തന്നെ രാജി നൽകി. പിന്നീട് കെ. വി. പി കൃഷ്ണകുമാറും രാജിവച്ചിരുന്നു. സൗമിനി ജെയിൻ രാജിവെക്കുന്നതോടെ പകരം ഷൈനി മാത്യുവായിരിക്കും മേയറാകുകയെന്നാണ് ലഭിക്കുന്ന വിവരം. ഈ മാസം 15 നുള്ളിൽ പുതിയ സ്ഥിരം സമിതി അധ്യക്ഷൻമാരുടെ കാര്യത്തിൽ തീരുമാനമാകുമെന്നും അറിയുന്നു.