അബുദാബി- ലൈംഗിക പീഡനത്തിനെതിരെ പുരുഷനും പരാതിപ്പെടാവുന്ന വിധത്തില്‍ യു.എ.ഇയില്‍ പീഡന വിരുദ്ധ നിയമം ഭേദഗതി ചെയ്തു. ലൈംഗിക പീഡന കേസുകളില്‍ പുരുഷന്‍മാരേയും ഇനി ഇരകളായി പരിഗണിക്കും.
പുരുഷനും ലൈംഗിക പീഡനത്തിന്റെ ഇരയാകാമെന്നും ഇവര്‍ക്ക് നീതി തേടാമെന്നും ഭേദഗതി നിഷ്‌കര്‍ഷിക്കുന്നു. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണു വ്യവസ്ഥ ചെയ്യുന്നത്. നിലവിലെ നിയമം അനുസരിച്ച് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ 10,000 ദിര്‍ഹം പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
പൊതുസ്ഥലത്തു വച്ച് നടക്കുന്ന അക്രമം മാത്രമല്ല ഇനി പീഡനം എന്ന നിര്‍വചനത്തില്‍ വരിക. സ്ഥലമോ സമയമോ നോക്കാതെ എല്ലാത്തരം ലൈംഗിക പീഡനത്തിനെതിരെയും നിയമനടപടി സ്വീകരിക്കും. ആംഗ്യം കൊണ്ടോ വാക്കുകള്‍ കൊണ്ടോ സ്പര്‍ശനം കൊണ്ടോ സ്‌നേഹം നടിച്ചോ പീഡിപ്പിക്കുന്നതും കുറ്റകരമാണ്. സംഘം ചേര്‍ന്നോ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയോ ബലപ്രയോഗത്തിലൂടെയോ ഉള്ള ലൈംഗിക പീഡനത്തിന് ഇരട്ടി ശിക്ഷയാണ്.