Sorry, you need to enable JavaScript to visit this website.

കലാലയ രാഷ്ട്രീയ ബിൽ കലാലയങ്ങളെ  കലാപ കേന്ദ്രങ്ങളാക്കും -മെത്രാൻ സമിതി

കൊച്ചി- കലാലയ രാഷ്ട്രീയം നടപ്പാക്കുന്നതിനായി നിയമസഭ പരിഗണിക്കാനിരിക്കുന്ന ബിൽ കലാലയങ്ങളെ വീണ്ടും കലാപ കേന്ദ്രങ്ങളാക്കുമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കോൺഫറൻസ്. രാഷ്ട്രീയം അനുദിനം അക്രമാസക്തവും പ്രതിലോമകരവുമായി മാറുന്ന സമീപകാലത്ത് കലാലയങ്ങളെ കലാപ രാഷ്ട്രീയത്തിന്റെ പഠന കളരികളാക്കാനുള്ള ശ്രമം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ശുഭോദർക്കമല്ലെന്ന് കെ.സി.ബി.സിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കർദിനാൾ മാർ ആലഞ്ചേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയ പരിശീലനത്തിന്റെ ആവശ്യകത അംഗീകരിക്കുമ്പോൾ തന്നെ ഈ ബില്ലിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് നിഷ്പക്ഷമതികൾക്ക് ആശങ്കയുണ്ട്. കൂപ്പുകുത്തുന്ന പഠനനിലവാരം മറച്ചുവെച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള മാർക്കുദാനത്തിലൂടെയും അനധികൃത ഇടപെടലുകളിലൂടെയും വിദ്യാർഥികളെ ജയിപ്പിച്ചെടുക്കുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ കലാലയങ്ങളെ കലാപഭൂമിയാക്കുന്ന വിദ്യാർഥി രാഷ്ട്രീയം നിയമാനുസൃതമാക്കണം എന്ന വാദം യുക്തിരഹിതമാണ്. പ്രിൻസിപ്പൾമാരുടെ അധികാരവും മാനേജുമെന്റുകളുടെ അവകാശങ്ങളും കവർന്നെടുക്കാനുള്ള നീക്കം ഇപ്പോഴുള്ള പഠനാന്തരീക്ഷവും പഠനനിലവാരവും കുട്ടികളുടെ ഭാവിയും തകർക്കുന്നതിനേ ഉപകരിക്കൂ. ഭരണകർത്താക്കൾ നിക്ഷിപ്ത താത്പര്യങ്ങളോടെ തങ്ങളുടെ അധികാരവും പദവിയും ദുരുപയോഗിക്കുന്നതായുള്ള ആരോപണങ്ങൾ വർദ്ധിച്ചുവരുന്നത് നിർഭാഗ്യകരമാണെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു.


ലോകസഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയമാണെന്ന് പ്രസിഡന്റ് മാർ ജോർജ്ജ് ആലഞ്ചേരി പത്രസമ്മേളനത്തിൽ പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അവഗണനയും വിവേചനവുമായി ഈ നീക്കത്തെ കെ.സി.ബി.സി വിലയിരുത്തുന്നു. കത്തോലിക്കാസഭയിലെ സന്ന്യസ്തരെയും പുരോഹിതരെയും അവഹേളിക്കുന്ന രീതിയിൽ വൻതുക മുടക്കി സഭാവിരുദ്ധരും വർഗീയ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതമായ പ്രചാരണങ്ങളിലും പരിപാടികളിലും ഞങ്ങൾക്കു വേദനയുണ്ട്. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും സമൂഹത്തോടുള്ള പ്രതിബദ്ധത മറന്ന് നിക്ഷിപ്ത താല്പര്യക്കാരുടെ സമ്മർദങ്ങൾക്കു വഴങ്ങുന്നത് സാമാന്യനീതിയുടെ നിഷേധമാണ്.


യാക്കോബായ, ഓർത്തഡോക്‌സ് സഭകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ സഭയിൽ നടക്കുന്ന സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പ്രശ്‌നങ്ങൾ സഭയ്ക്കുള്ളിൽ പരിഹരിക്കാമെന്ന ഓർത്തഡോക്‌സ് സഭയുടെ നിലപാട് നിഷേധാത്മകമായല്ല, ക്രിയാത്മകമായാണു കാണുന്നത്. ഇരു വിഭാഗങ്ങളും ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹാരമുണ്ടാക്കാമെന്നതു സ്വീകാര്യമാണ്. ക്രൈസ്തവ സാഹോദര്യം അടിസ്ഥാനമാക്കി സഭകൾ പരസ്പരം സംവാദങ്ങൾ നടത്തിവരുന്നുണ്ടെന്നും കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.


 

Latest News