Sorry, you need to enable JavaScript to visit this website.

അറാംകോ: 97.5 ശതമാനം പേര്‍ക്കും അപേക്ഷിച്ച മുഴുവന്‍ ഓഹരിയും ലഭിക്കും

റിയാദ്- ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകോ ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് ഉജ്വല വിജയം. അറാംകോ ഓഹരികൾ സ്വന്തമാക്കുന്നതിന് വ്യക്തികളും സ്ഥാപനങ്ങളും മത്സരിച്ചു മുന്നോട്ടുവന്നതോടെ കമ്പനി ഐ.പി.ഒ ചരിത്രമായി മാറി.

സൗദി അറേബ്യൻ സമ്പദ്‌വ്യവസ്ഥയിൽ പൊതുവിലും സൗദി അറാംകോയിൽ വിശിഷ്യായുമുള്ള നിക്ഷേപകരുടെ ഉറച്ച വിശ്വാസത്തിന് കമ്പനി ഐ.പി.ഒ നേർസാക്ഷ്യമായി. 

1,500 വരെയുള്ള ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്ത വ്യക്തികൾക്ക് അപേക്ഷ പ്രകാരമുള്ള പൂർണ ഓഹരികൾ അനുവദിക്കും. ഓഹരികൾക്ക് പണമടച്ചവരിൽ 97.5 ശതമാനത്തിനും അപേക്ഷ നൽകിയതു പ്രകാരമുള്ള  ഓഹരികൾ ലഭിക്കും. അവശേഷിക്കുന്ന ഓഹരികൾ തുല്യാനുപാത അടിസ്ഥാനത്തിൽ വീതിച്ചു നൽകും. 

ആകെ 50,56,000 പേരാണ് അറാകൊ ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്തത്. ഇവർ ആകെ 153,71,07,430 ഓഹരികളാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. ഈയിനത്തിൽ ആകെ 4,918.7 കോടിയിലേറെ റിയാൽ ഇവർ അടച്ചു. വ്യക്തികൾക്കുള്ള ഓഹരിയാവശ്യം 153.7 ശതമാനത്തിലെത്തി. വ്യക്തികൾക്കുള്ള ഓഹരികളിൽ 65.9 ശതമാനത്തിന്റെ ഐ.പി.ഒ ഇലക്‌ട്രോണിക് സംവിധാനങ്ങൾ വഴിയാണ് പൂർത്തിയായത്. 


ഇതിൽ 36.1 ശതമാനം എ.ടി.എമ്മുകളും 28.4 ശതമാനം ഇന്റർനെറ്റും 1.4 ശതമാനം ടെലിബാങ്കിംഗ് സംവിധാനം വഴിയും പൂർത്തിയായി. അവശേഷിക്കുന്ന 34.1 ശതമാനം ഐ.പി.ഒ ബാങ്ക് ശാഖകൾ വഴിയാണ് പൂർത്തിയായതെന്നും സൗദി അറാംകോ ഐ.പി.ഒ മാനേജറായ സാംബ കാപ്പിറ്റൽ അറിയിച്ചു. 


വ്യക്തിഗത വിഭാഗത്തിൽ 2,000 ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്തവർക്ക് 1,555 ഓഹരികളും 2,500 ഓഹരികൾക്ക് അപേക്ഷിച്ചവർക്ക് 1,609 ഓഹരികളും 3,000 ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്തവർക്ക് 1,664 ഷെയറുകളും 3,500 ഓഹരികൾക്ക് അപേക്ഷിച്ചവർക്ക് 1,719 ഓഹരികളും 4,000 ഓഹരികൾക്ക് അപേക്ഷിച്ചവർക്ക് 1,774 ഓഹരികളും 4,500 ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്തവർക്ക് 1,828 ഓഹരികളും 5,000 ഷെയറുകൾക്ക് അപേക്ഷിച്ചവർക്ക് 1,883 ഓഹരികളും ഒരു ലക്ഷം ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്തവർക്ക് 12,227 ഷെയറുകളും പത്തു ലക്ഷം ഓഹരികൾക്ക് അപേക്ഷിച്ചവർക്ക് 1,10,748 ഓഹരികളും ഒരു കോടി ഓഹരികൾക്ക് അപേക്ഷ നൽകിയവർക്ക് 10,95,459 ഓഹരികളുമാണ് അനുവദിച്ചിരിക്കുന്നത്. 


ഐ.പി.ഒ പൂർത്തിയായതോടെ ഓഹരിയുടെ അന്തിമ വില 32 റിയാലായി നിശ്ചയിച്ചതായി അറാംകോ അറിയിച്ചു. കമ്പനിയുടെ ഒന്നര ശതമാനം ഓഹരികളാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തിയത്. ആകെ 300 കോടി ഓഹരികൾ വിൽപന നടത്തി. സ്ഥാപനങ്ങൾ 39,700 കോടി റിയാലിന്റെ (10,900 കോടി ഡോളർ) ഓഹരികൾക്കാണ് പണമടച്ച് അപേക്ഷിച്ചത്. 


വ്യക്തികളുടെ ഓഹരി ആവശ്യം അടക്കം ആകെ 44,600 കോടി റിയാലിന്റെ (11,900 കോടി ഡോളർ) ഓഹരികളാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനിടെ സബ്‌സ്‌ക്രൈബ് ചെയ്തത്. ഓഹരിയാവശ്യം 465 ശതമാനത്തിലെത്തി. ഐ.പി.ഒയിലെ അന്തിമ ഓഹരി വിലയായി 32 റിയാൽ നിശ്ചയിച്ചതു പ്രകാരം ഓഹരി വിൽപന മൂല്യം 9,600 കോടി റിയാലിൽ (2,560 കോടി ഡോളർ) എത്തി. വ്യക്തികൾക്ക് കമ്പനിയുടെ അര ശതമാനം ഓഹരികളും സ്ഥാപനങ്ങൾക്ക് ഒരു ശതമാനം ഓഹരികളുമാണ് നീക്കിവെച്ചിരുന്നത്. ഐ.പി.ഒയുടെ 33.3 ശതമാനം ഓഹരികൾ വ്യക്തികൾക്കും 66.7 ശതമാനം ഓഹരികൾ സ്ഥാപനങ്ങൾക്കുമാണ് നീക്കിവെച്ചിരുന്നത്. സ്ഥാപനങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്ത ഓഹരികൾക്ക് പണമടക്കേണ്ട അവസാന ദിവസം ഡിസംബർ എട്ട് ആണ്.

വ്യക്തികൾ സബ്‌സ്‌ക്രൈബ് ചെയ്തതിൽ മിച്ചമുള്ള പണം ഡിസംബർ 12 നു മുമ്പായി തിരിച്ചു നൽകും. മുഴുവൻ നിയമാനുസൃത നടപടികളും പൂർത്തിയായ ശേഷം സൗദി ഓഹരി വിപണിയിൽ സൗദി അറാംകൊ ഓഹരികളുടെ ക്രയവിക്രയം ആരംഭിക്കും.


സൗദി അറാംകൊ ഓഹരികൾ അടുത്ത ബുധനാഴ്ച ലിസ്റ്റ് ചെയ്യുമെന്നും ബുധനാഴ്ച മുതൽ ഓഹരി ക്രയവിക്രയം ആരംഭിക്കുമെന്നും സൗദി സ്റ്റോക്ക് മാർക്കറ്റ് (തദാവുൽ) അറിയിച്ചു.
 

Latest News