ശമീറയുടെ ഓര്‍മ്മകളില്‍ തന്‍റെ ഏക സഹോദരന്‍ ഹാനി എന്നും ഒരു നാലു വയസ്സുകാരന്‍ കുസൃതി പയ്യന്‍ മാത്രമായിരുന്നു. ഏതാണ്ട് 17 വര്‍ഷം മുമ്പാണ് അവനെ അവള്‍ക്ക് നഷ്ടമായത്. ഉമ്മയും ശമീറയും മറ്റു സഹോദരിമാരും വര്‍ഷങ്ങളോളമായി ഹാനിക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ അവന്‍ സുഡാനില്‍ നിന്നും ഷാര്‍ജയില്‍ പറന്നിറങ്ങി. കുടുംബത്തിന്‍റെ വിഫലമായ പല ശ്രമങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ വച്ച് ശമീറ സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളുമായി ഹാനിയെ സ്വീകരിച്ചു. അന്നത്തെ നാലു വയസ്സുകാരന്‍ ഇന്നൊരു യുവാവായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയ വഴിയൊരുക്കിയ ഈ അപൂര്‍വ പുനഃസമാഗമത്തിന്‍റെ കഥ യുഎഇ ദിനപത്രമായ ഖലീജ് ടൈംസാണ് പുറത്തു കൊണ്ടു വന്നിരിക്കുന്നത്.
കോഴിക്കോട്ടുകാരിയായ ശമീറ ദുബായിലാണ് ജോലി ചെയ്യുന്നത്. സഹോദരന്‍ ഹാനി നാദിര്‍ മെര്‍ഗാനി അലി ഒരു സുഡാനി പൗരനും. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ പഠിക്കാനെത്തിയപ്പോഴാണ് സുഡാന്‍കാരനായ പിതാവ് ഇവരുടെ ഉമ്മ നൂര്‍ജഹാനെ വിവാഹം ചെയ്തത്. ഹാനിക്കു നാലു വയസ്സു പ്രായമുള്ള സമയത്തുണ്ടായ വഴക്കിനെ തുടര്‍ന്ന് ഉമ്മയെയും മൂന്ന് പെണ്‍മക്കളേയും ഉപേക്ഷിച്ച് ഹാനിയേയും കൂട്ടി പിതാവ് സുഡാനിലേക്ക് തിരിച്ചു പോയി. പിന്നീട് പിതാവിനെ കുറിച്ചോ ഹാനിയെ കുറിച്ചോ ഇവര്‍ കേട്ടില്ല. ''ഉമ്മ ഒരപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞങ്ങളെ പഠിപ്പിച്ച് വലുതാക്കാന്‍. ഏക സഹോദരനെ നഷ്ടമായ ഞങ്ങളുടെ സങ്കടം ഇക്കാലമത്രയും കൊണ്ടു നടന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അവനെ തിരികെ ലഭിച്ചിരിക്കുന്നു. സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയാണിപ്പോള്‍,' ശമീറ പറയുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ ഉമ്മയേയും തന്നെ ലാളിച്ചിരുന്ന സഹോദരിമാരേയും വിട്ട് പിരിഞ്ഞ ശേഷം ഉപ്പയോടൊപ്പം സുഡാനില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ ഒരു പേടി സ്വപ്‌നം പോലെയാണ് ഹാനി ഒര്‍ത്തെടുക്കുന്നത്. 'ഉപ്പ അവിടെ രണ്ടാം വിവാഹം ചെയ്തു. രണ്ടു പേരില്‍ നിന്നും ഒരുപാട് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഉമ്മയുടേയും സഹോദരിമാരുടേയും അടുത്തെത്താനായിരുന്നു ഇക്കാലമത്രയും ആഗ്രഹിച്ചത്. എന്നാല്‍ ഉപ്പ അതിന് ഒരിക്കലും സമ്മതിച്ചില്ല,' ഹാനി പറയുന്നു.
കേരളത്തിലെ ചെറുപ്പ കാലത്തെ കുറിച്ചും ഹാനിക്ക് മങ്ങിയ ഓര്‍മ്മകള്‍ ബാക്കിയുണ്ട്. 'നമുക്കു സുഡാനിലേക്കു പോകാമെന്നു പറഞ്ഞ് കൈപിടിച്ച ഉപ്പയോടൊപ്പം ആ യാത്ര തുടങ്ങിയ ട്രെയിനിലായിരുന്നു. കുറച്ചു കാലം നഴ്‌സറിയിലും പോയത് ഓര്‍ക്കുന്നു. സുഡാനിലെത്തിയതോടെ ജീവിതമാകെ മാറി. ഉമ്മ ശരിയല്ലെന്നാണ് ഉപ്പ ഇക്കാലമത്രയും എന്നോട് പറഞ്ഞു കൊണ്ടിരികുന്നത്. അത് സത്യമാണെന്ന് ഞാനൊരിക്കലും വിശ്വസിച്ചില്ല,' ഹാനി പറയുന്നു. തന്‍റെ കയ്യിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ഉമ്മയുടെ ഫോട്ടോയും വച്ച് സുഡാനില്‍ വച്ച് കണ്ടു മുട്ടിയ മലയാളികളോടെല്ലാം തന്‍റെ കഥ വിവരിച്ച് കുടുംബത്തെ കണ്ടെത്താന്‍ സഹായം തേടി. പലരും നിരസിച്ചു. ഒടുവില്‍ ഫാറൂഖ് എന്ന ഒരാളില്‍ നിന്നും സഹായം ലഭിച്ചു. ഈ രേഖകളെല്ലാമെടുത്ത് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് കാര്യങ്ങള്‍ അനുകൂലമായത്.'
ഒടുവില്‍ ഉമ്മയേയും സഹോദരിമാരേയും തേടയുള്ള ഹാനിയുടെ സന്ദേശം അബുദാബിയിലുള്ള ഉമ്മയുടെ ബന്ധുവായ റഹീമിലൂടെ ശമീറയുടെ അടുത്തെത്തി. ഇതോടെ ശമീറയുടെ പ്രതീക്ഷകള്‍ക്കും ജീവന്‍ വച്ചു. താമസിയാതെ ഹാനിയുമായി ബന്ധപ്പെട്ടു. എന്നാല്‍ നേരിട്ട് എങ്ങനെ കാണാനാകുമെന്നതിനെ കുറിച്ച് ഇരുവര്‍ക്കും ഒരു വഴിയുമുണ്ടായിരുന്നില്ല.
സുഡാനില്‍നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരുന്നത് പ്രയാസമായതിനാല്‍ ഒരു സന്ദര്‍ശക വീസ തരപ്പെടുത്തി സുഹൃത്തുക്കളുടെ സഹായത്തോടെ ശമീറ ഹാനിയെ യുഎഇയിലെത്തിക്കുകയാണ് പിന്നീട് ചെയ്തത്. 'എന്‍റെ ഉമ്മയുടെയും സഹോദരിമാരുടേയും സ്വര്‍ണം വിറ്റാണ് ഹാനിയെ ഇവിടെ എത്തിക്കാനുള്ള പണം സംഘടിപ്പിച്ചത്. എങ്കിലും സഹോദരനെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷമുണ്ടല്ലോ അത് ഞങ്ങള്‍ സഹിച്ചതിലും എത്രയോ വലുതാണ്. ഒടുവില്‍ ഞങ്ങള്‍ക്കതിന് കഴിഞ്ഞിരിക്കുന്നു,' അടക്കിനിര്‍ത്താനാവാത്ത സന്തോഷത്തിന്‍റെ തിരതള്ളലില്‍ ശമീറ പറഞ്ഞു.
ഫോണില്‍ ഉമ്മയോട് സംസാരിച്ച ഹാനി ഒരുപാട് കരഞ്ഞു. മലയാളം അറിയാത്ത ഹാനിക്ക് ഉമ്മ പറയുന്നത് ഒന്നും മനസ്സിലായില്ലെങ്കിലും ഏറെ നേരം നീണ്ട കരച്ചിലിലൂടെ രണ്ടു പതിറ്റാണ്ടു കാലത്തെ വിരഹവേദന പരസ്പരം കൈമാറി. വികാരങ്ങള്‍ക്ക് വാക്കുകളേക്കാള്‍ സംവദിക്കാന്‍ കഴിയുന്ന അപൂര്‍വ്വ നിമിഷങ്ങളായിരുന്നു അത്. ഇപ്പോള്‍ ഇടക്കിടെ വീഡിയോ കോളുകള്‍ നടത്തി ഇരുവരും പരസ്പരം കണ്ടു കൊണ്ടിരിക്കുന്നു.
'എന്‍റെ അടുത്തെത്തിയെങ്കിലും ഉമ്മയേയും സഹോദരിമാരേയും ഇനിയും നേരിട്ട് കാണാന്‍ കഴിയാത്തതില്‍ അവന് സങ്കടം ബാക്കിയാണ്. എന്തു വിലകൊടുത്തു വളരെ പെട്ടെന്നു തന്നെ ഞങ്ങളതിന് വഴിയൊരുക്കും. ഇനി ഞങ്ങളുടെ കൈവിട്ടു പോകാന്‍ അവനെ അനുവദിക്കില്ല. ഇത്രയും കാലം അവനെ ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഇനി അവനു വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കാനാണ് ആഗ്രഹിക്കുന്നത്,' ശമീറ പറഞ്ഞു.
ഇന്ത്യന്‍ പൗരത്വം നേടിയെടുത്ത് ഇനി ഉമ്മയ്ക്കും സഹോദരമാര്‍ക്കുമൊപ്പം കഴിയാനാണ് ഹാനിയുടെ പദ്ധതി. ഇതിനായി യുഎഇയില്‍ ഹാനിക്കായി ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് ശമീറയും കൂട്ടുകാരും. ജോലി ലഭിച്ചാല്‍ റെസിഡന്റ് വീസ ലഭിക്കും. ഇതോടെ ഇന്ത്യയില്‍ ചെന്ന് ഉമ്മയേയും സഹോദരിമാരേയും കാണല്‍ എളുപ്പമാകും. പൗരത്വ സഹായത്തിനായി യുഎഇയിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.
pic courtesy Khaleej Times