തിരുവനന്തപുരം- ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്ത് ലക്ഷം രൂപ നല്‍കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായത്. സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഷഹ്‌ല ഷെറിന്‍ ആണ് മരിച്ചത്.
നവംബര്‍ 20ന് വൈകീട്ട് 3.30ഓടെയാണ് ക്ലാസ് മുറിയിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്ന് ഷഹ്‌ല ഷെറിന് പാമ്പു കടിയേറ്റത്.
സംഭവത്തില്‍ സ്‌കൂളിലെ പ്രിന്‍സിപ്പിള്‍, വൈസ് പ്രിന്‍സിപ്പിള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ഗവ. ആശുപത്രിയിലെ ഡോക്ടര്‍ എന്നിവരെ പ്രതി ചേര്‍ത്ത് പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതോടൊപ്പം, ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ് മരണപ്പെട്ട ആലപ്പുഴ നൂറനാട് പുതുവള്ളക്കുന്നം വിനോദ് ഭവനില്‍ സന്തോഷിന്റെ മകന്‍ നവനീതിന്റെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം നല്‍കും.
നവനീതിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനം.
സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ പട്ടിക കഷണം തലയില്‍ വീണാണ് ചുനക്കര ഗവണ്‍മെന്റ് വി.എച്ച്.എസ്.ഇയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന നവനീത് മരിച്ചത്.
തല്ലയ്ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നു. തലയ്ക്ക് പിന്നില്‍ ചതവും പാടുകളും കണ്ടെത്തിയിരുന്നു.