റിയാദ് - പൊതുമേഖലാ കമ്പനിയായ സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (സാപ്റ്റ്‌കോ) 350 പഴയ ബസുകൾ കുറഞ്ഞ വിലയിൽ വിൽക്കുന്നു. ആവശ്യം കവിഞ്ഞുള്ള, റോസ ഇനത്തിൽ പെട്ട ബസുകൾ യു.എ.ഇ കമ്പനിക്കാണ് വിൽപന നടത്തുന്നത്. സാപ്റ്റ്‌കോക്ക് 50 ശതമാനം ഓഹരി പങ്കാളിത്തമുള്ള സൗദി-എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് ലിമിറ്റഡ് കമ്പനി (സിറ്റ്‌കോ) ക്ക് 350 പഴയ ബസുകൾ 3.2 കോടി റിയാലിന് വിൽപന നടത്തുന്നതിന് കരാർ ഒപ്പുവെച്ചതായി സാപ്റ്റ്‌കോ അറിയിച്ചു.
ഈ വർഷം മൂന്നാം പാദത്തിൽ സാപ്റ്റ്‌കോയുടെ അറ്റാദായത്തിൽ 0.34 ശതമാനം കുറവുണ്ടായിട്ടുണ്ട്. മൂന്നാം പാദത്തിൽ കമ്പനി ഒമ്പതര കോടി റിയാലാണ് ലാഭം നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 95.34 ദശലക്ഷം റിയാലായിരുന്നു.