കോട്ടയം - കേരള കോൺഗ്രസിലെ ജോസ്-ജോസഫ് വിഭാഗങ്ങൾ ജില്ലാ യുഡിഎഫ് യോഗത്തിലും പരസ്പരം പോരടിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അകലക്കുന്നം പഞ്ചായത്തിൽ രണ്ടു സ്ഥാനാർഥികൾ മത്സരിക്കുന്നതാണ് വാക്കേറ്റത്തിന് വിഷയമായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധാരണകൾ പാലിക്കുന്നില്ലെന്ന ജോസഫ് വിഭാഗത്തിന്റെ ആരോപണത്തിനെതിരെ ജോസ് കെ മാണി വിഭാഗവും രംഗത്തെത്തിയതോടെ യോഗം അലങ്കോലപ്പെട്ടു. കേരളാ കോൺഗ്രസ് തർക്കം സംസ്ഥാന യുഡിഎഫ് പരിഹരിക്കുമെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തു.
അകലക്കുന്നം പഞ്ചായത്ത് ആറാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് - ജോസ് കെ മാണി വിഭാഗം സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ജോസഫിന്റെ സ്ഥാനാർത്ഥി രണ്ടിലയിലും ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി ഫുട്‌ബോൾ ചിഹ്നത്തിലുമാണ് മത്സര രംഗത്തുള്ളത്. ഇവരിൽ ആരെ ഔദ്യോഗിക സ്ഥാനാർത്ഥിയായി അംഗീകരിക്കണമെന്ന തീരുമാനമെടുക്കാതെ ത്രിശങ്കുവിലാണ് യു ഡി എഫ് ജില്ലാ നേതൃത്വം. പ്രശ്‌ന പരിഹാരത്തിനായി വിളിച്ച യുഡിഎഫ് ജില്ലാ യോഗത്തിൽ കേരള കോൺഗ്രസിലെ ഇരു വിഭാഗവും തമ്മിൽ അകലകുന്നത്തെ ചൊല്ലി വാക്കുതർക്കം രൂക്ഷമായതോടെ യോഗം അലങ്കോലപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധാരണകൾ പാലിക്കുന്നില്ലെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. യുഡിഎഫ് ധാരണ പ്രകാരം കോട്ടയം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധാരണ യുഡിഎഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടും പാലിക്കാതിരിക്കുകയാണ് ജോസ് വിഭാഗമെന്ന് മഞ്ഞക്കടമ്പിൽ പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണയെ പരസ്യമായി തളളിപ്പറയുകയും ചെയ്ത ജോസ് വിഭാഗം അകലക്കുന്നം പഞ്ചായത്തിലെ രണ്ടില ചിഹ്നത്തിൽ മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി വിപിൻ തോമസിനെതിരെ വിമത സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത് ഇടതുമുന്നണിയിലേക്ക് ചേക്കേറാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്നും സജി ആരോപിച്ചു.
അതേസമയം അകലകുന്നത്തെ സീറ്റ് ജോസ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു. കേരള കോൺഗ്രസിലെ പ്രശ്‌നം സംസ്ഥാന യുഡിഎഫ് പരിഹരിക്കുമെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. 17 നാണ് തെരഞ്ഞെടുപ്പ്.
നേരത്തെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ യുഡിഎഫ് നേതൃ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. കുര്യൻ ജോയ്, ജോസി സെബാസ്റ്റ്യൻ, ജോഷി ഫിലിപ്പ്, മോൻസ് ജോസഫ് എംഎൽഎ , ജോയ് ഏബ്രഹാം, സ്റ്റീഫൻ ജോർജ്, അസീസ് ബഡായി, റഫീഖ് മണിമല, പിഎസ് ജെയിംസ്, കെ വി ഭാസി, മുണ്ടക്കയം സോമൻ, തുളസീദാസ്, ജോയ് ചെട്ടിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.