തിരുവനന്തപുരം- പ്രസ് ക്ലബ് സെക്രട്ടറിയുടെ അക്രമണത്തിന് ഇരയായ പെൺകുട്ടിയെ പിന്തുണച്ചും അക്രമികൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവും ഉന്നയിച്ചും സാഹിത്യകാരി കെ.ആർ മീര. ഫെയ്്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണ അറിയിച്ച് കെ.ആർ മീര രംഗത്തെത്തിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻറെ സദാചാര ആക്രമണത്തിനു വിധേയയായ ആ യുവപത്രപ്രവർത്തകയോട് ഞാൻ സംസാരിച്ചു.
അവൾ പറഞ്ഞു : '' ആ സംഭവത്തിനു ശേഷം എനിക്ക് ഒരു പുകമറ പോലെയായിരുന്നു. ഇതൊക്കെ എൻറെ ജീവിതത്തിൽ സംഭവിച്ചു എന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല. മോൾ വല്ലാത്ത ഷോക്കിലാണ്. സ്‌കൂളിൽ പോയ ദിവസം മോൻ വൈകിട്ട് വന്നു പറഞ്ഞു, അമ്മ എന്താണ് എനിക്ക് ഇത്ര കുറച്ച് ലഞ്ച് തന്നു വിട്ടത്? പാത്രത്തിൽ ഒന്നുമുണ്ടായിരുന്നില്ലല്ലോ. സത്യത്തിൽ എനിക്ക് ഓർമ്മയില്ല, ഞാൻ എന്താണ് അവനു കൊടുത്തുവിട്ടത് എന്ന്. ഒന്നും ഓർമ്മയില്ല. എല്ലാം കാണുന്നുണ്ട്, പക്ഷേ, മനസ്സിൽ പതിയുന്നില്ല. ആദ്യത്തെ ഷോക്ക് മാറിയപ്പോൾ എനിക്ക് ഒരു പുകച്ചിലായിരുന്നു. മനുഷ്യർക്ക് ഇങ്ങനെയൊക്കെ പെരുമാറാൻ എങ്ങനെയാണു സാധിക്കുന്നത്? പക്ഷേ, ഒരു കാര്യമുണ്ട് ചേച്ചീ. ഇതിനു ശേഷമാണ് എനിക്കു മനുഷ്യരെ ശരിക്കും മനസ്സിലായത്. നമ്മൾ എത്രയോ കാലമായി കാണുന്ന മനുഷ്യർക്ക് ഇങ്ങനെയൊരു മുഖമുണ്ട് എന്ന് തെളിച്ചത്തോടെ കാണാൻ കഴിഞ്ഞു. അതാണ് ഈ സംഭവത്തിൽനിന്ന് ഞാൻ പഠിച്ചത്. ''
അവളുടെ ശബ്ദത്തിലെ മരവിപ്പ് എന്നെ ഉലച്ചു. കാരണം, അവൾ വന്ന വഴികൾ എനിക്കറിയാം. കണ്ണൂരിൽ ദിനേശ് ബീഡിത്തൊഴിലാളികളായിരുന്നു അവളുടെ അച്ഛനും അമ്മയും. അവൾക്കു പതിമൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. രണ്ടു പെൺമക്കളെ കരപറ്റിക്കാൻ അവളുടെ അമ്മ ജീവിതത്തോടു നടത്തിയ യുദ്ധങ്ങൾ നിസ്സാരമല്ല. അവൾ ബി.എയ്ക്കു പഠിച്ചത് െ്രെപവറ്റായി. പിന്നീട് കോഴിക്കോട് പ്രസ് ക്ലബിൽനിന്നു ജേണലിസം ഡിപ്ലോമ. കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെ പത്രം ഓഫിസിലേക്കുള്ള ദൂരം അവൾ താണ്ടിയത് കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ടുമാത്രം. അവളുടെ ഭർത്താവാണെങ്കിൽ കട്ടപ്പനയിലെ ഒരു കർഷക കുടുംബത്തിലെ അംഗം. ആളും അർത്ഥവും രാഷ്ട്രീയ സ്വാധീനവും ഒന്നുമില്ലാത്ത അവൾക്കും ഭർത്താവിനും സ്വന്തമായൊരു വീടു പോലുമില്ല. അവർക്ക് ആകെയുള്ള സ്വത്ത് ഈ ജോലിയും അവരുടെ കുടുംബവും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമാണ്.
അവൾ അനുഭവിച്ച ആഘാതത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കെയാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത വാർത്ത വന്നത്. രോഷാകുലരായ പെൺകുട്ടികൾ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ ടെലിവിഷനിൽ കണ്ടപ്പോൾ അഭിമാനം തോന്നി.
അവർ ഏതാനും പേരേയുള്ളൂ– അവർ മാത്രമേയുള്ളൂ– ലോകത്തെ സകലരെയും നല്ലനടപ്പ് പഠിപ്പിക്കുന്ന മലയാള മാധ്യമരംഗത്തുനിന്ന്, തങ്ങളിലൊരാൾക്കു നേരിട്ട അതിക്രമത്തിനെതിരേ പോരാടാൻ.
കാരണം, ജെൻഡർ ജസ്റ്റിസും ജനാധിപത്യവും തേങ്ങയാണോ മാങ്ങയാണോ എന്നു തിരിച്ചറിയാത്ത ഭൂരിപക്ഷമാണ് ന്യൂസ്‌റൂമുകൾ ഇന്നും അടക്കിവാഴുന്നത്.
അതല്ലായിരുന്നെങ്കിൽ, ആക്രമണം നടന്നതിൻറെ തൊട്ടടുത്ത ദിവസം തന്നെ സെക്രട്ടറി സ്ഥാനത്തു നിന്നു രാധാകൃഷ്ണനെ പ്രസ് ക്ലബ് പ്രസിഡൻറ് സസ്‌പെൻഡ് ചെയ്‌തേനെ. പോലീസ് ഉടനടി എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയേനെ.
ഏറ്റവും കുറഞ്ഞത്, മലയാളത്തിലെ പത്രങ്ങൾ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയുടെ സദാചാരപോലീസിങ് വാർത്ത മുക്കാതിരിക്കുകയെങ്കിലും ചെയ്‌തേനെ.
പിന്നെ ഒരു കാര്യത്തിലേയുള്ളൂ സമാധാനം.
–''പത്രപ്രവർത്തകയ്ക്ക് എന്തൊരു കുളിർമ്മ'' എന്ന് ഏതെങ്കിലും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതുവരെ ഇട്ടിട്ടില്ല. അവളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട് എന്ന് പോലീസ് വെളിപ്പെടുത്തിയെന്നു റിപ്പോർട്ട് വന്നിട്ടില്ല. സ്ഥാപനത്തിനു പേരുദോഷമുണ്ടാക്കിയെന്ന് ആരോപിച്ച് അവൾക്കെതിരേ അവർ ജോലി ചെയ്യുന്ന സ്ഥാപനം ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല.
എങ്കിലും, ആ സദാചാരപ്പോലീസുകാരൻ തലസ്ഥാനത്തെ പ്രബലനാണ്. പിടിപാടുള്ള പത്രപ്രവർത്തകരുടെമേൽ സ്വാധീനമുള്ളയാളാണ്. ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ളയാളാണ്.
ഒരു അറസ്റ്റ് കൊണ്ടൊന്നും അവൾക്കു നീതി ഉറപ്പാകുന്നില്ല എന്നു ചുരുക്കം.
പക്ഷേ, എനിക്ക് പ്രത്യാശയുണ്ട്.
അവൾക്കു വേണ്ടി മുദ്രാവാക്യം വിളിക്കാൻ, ഒന്നിച്ചു നിൽക്കുകയാണു ശക്തി എന്നു ബോധ്യമുള്ള, പുതിയ തലമുറയിലെ പെൺകുട്ടികൾ ഒപ്പമുണ്ടാകും എന്ന്.
അവർ തോറ്റുകൊടുക്കാൻ തയ്യാറില്ലാത്തവരാണ്.
–അവളെപ്പോലെതന്നെ.