Sorry, you need to enable JavaScript to visit this website.

പീഡനത്തിനുശേഷം യുവതിയെ തോട്ടിൽ മുക്കിക്കൊന്ന കേസിൽ വിചാരണ ആരംഭിച്ചു

തലശ്ശേരി- വീട്ടിലേക്ക് മത്സ്യം വാങ്ങാൻ പോകുകയായിരുന്ന യുവതിയെ കടന്ന് പിടിച്ച് ലൈംഗിക പീഡനത്തിനുശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എൻ വിനോദ് മുമ്പാകെ ആരംഭിച്ചു. 
കരിയാട് മത്തിപ്പറമ്പിലെ ഗോപിയുടെ ഭാര്യ റീജയെ(39) കൊലപ്പെടുത്തിയ കേസിൽ  പെരിങ്ങത്തൂർ പുളിയമ്പ്രം വലിയ കാട്ടിൽ വീട്ടിൽ വി.കെ അൻസാറാണ്(26) പ്രതി. 


കേസിലെ രണ്ട് സാക്ഷികളെ ഇന്നലെ വിസ്തരിച്ചു. കേസിലെ ഒന്നാം സാക്ഷിയും പാനൂർ നഗരസഭാ 29-ാം വാർഡിലെ മെമ്പറുമായ കോട്ടു ബാലനെയാണ് ഒന്നാം സാക്ഷിയായി പ്രൊസിക്യൂഷൻ വസ്തരിച്ചത.് സംഭവം അറിഞ്ഞതിന് ശേഷം കൊലപാതകം നടന്ന താഴെകുനിയിൽ വയൽ പരിസരത്ത് പോകുകയും വിവരം പോലീസിനെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തത് താനാണെന്ന് ബാലൻ മൊഴി നൽകി. ഇൻക്വസ്റ്റ് സാക്ഷിയായ ഷിബുവിനെ നാലാം സാക്ഷിയായി കോടതി മുമ്പാകെ വിസ്തരിച്ചു. കൊല്ലപ്പെട്ട റീജയുടെ മുഖത്തും കഴുത്തിലും മറ്റും പരിക്കുകൾ കണ്ടതായും പ്രതിയെ നേരത്തെ അറിയാമെന്നും സാക്ഷി മൊഴി നൽകി. കൊല്ലപ്പെട്ട റീജയുടെ മകൾ, ഭർതൃ ബന്ധുക്കൾ എന്നിവരെ ഇന്ന് വിസ്തരിക്കും. 


2017 ആഗസ്റ്റ് 14ന് ഉച്ചക്ക് 12.30 മണിക്കാണ് കേസിനാസ്പദമായ സംഭവം. കേളോത്ത് താഴെ കുനിയിൽ വയലിന് സമീപം വെച്ച് പ്രതി റീജയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുതറി മാറാൻ ശ്രമിക്കുന്നതിനിടെ റീജയും പ്രതി  അൻസാറും താഴെയുള്ള തോട്ടിൽ വീണു. ഇവിടെ നിന്ന് രക്ഷപ്പെടുവാൻ ശ്രമിച്ച റീജയെ പ്രതി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കുകയും ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ തല ചെളിവെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിന് ശേഷം പ്രതി യുവതിയുടെ കഴുത്തിലെ സ്വർണമാലയും കൈയിലെ മോതിരവും കവരുകയും ചെയ്തു. 
സംഭവദിവസം വൈകിട്ട് തന്നെ പ്രതി പോലീസ് പിടിയിലായിരുന്നു.  റിമാൻഡിലായ പ്രതി ഇപ്പോഴും ജയിലിൽ കഴിഞ്ഞ് വരികയാണ്. പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ.സി.കെ രാമചന്ദ്രനും പ്രതിക്ക് വേണ്ടി അഡ്വ.കെ രാജേഷുമാണ് ഹാജരാവുന്നത്. 

 

Latest News