തിരുവനന്തപുരം- പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രണ്ട് ആഡംബരവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. വഞ്ചന, വ്യാജരേഖ, മോട്ടോര്‍ വാഹനനിയമലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. 60-80 ലക്ഷം രൂപ വിലയുള്ള കാറുകള്‍ നികുതി വെട്ടിച്ച് രജിസ്റ്റര്‍ ചെയ്‌തെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
പുതുച്ചേരി ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക താമസക്കാരനാണെന്നു വ്യാജരേഖ ചമച്ചാണു തട്ടിപ്പെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിലാസത്തില്‍ എല്‍.ഐ.സി. പോളിസിയും നോട്ടറിയില്‍നിന്നു വ്യാജ സത്യവാങ്മൂലവും സംഘടിപ്പിച്ചാണു വാഹനം രജിസ്റ്റര്‍ ചെയ്തത്. വ്യാജമുദ്രയും പതിപ്പിച്ചു.
കേസിന്റെ തുടക്കത്തില്‍ അപ്പാര്‍ട്ട്‌മെന്റ് ഉടമയെ സ്വാധീനിച്ച് സുരേഷ് ഗോപിക്ക് അനുകൂലമായി മൊഴി കൊടുപ്പിക്കാന്‍ ശ്രമം നടന്നു. എന്നാല്‍, പിന്നീട് അന്വേഷണോദ്യോഗസ്ഥനായ ഡിെവെ.എസ്.പി: ജോസി ചെറിയാനോടു കെട്ടിടമുടമ സത്യം തുറന്നുപറഞ്ഞതാണു കേസില്‍ വഴിത്തിരിവായത്. ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടിയ സുരേഷ് ഗോപിയെ 2018 ജനുവരി 15നു ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു.
വാഹനനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവര്‍ക്കെതിരെയും ക്രൈംബ്രാഞ്ച് നേരത്തേ കേസെടുത്തിരുന്നു. എന്നാല്‍ ഫഹദ് പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കി. അമലാ പേള്‍ ബംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ തമിഴ്‌നാട്ടിലാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ കേരളത്തിലെ ക്രൈംബ്രാഞ്ചിനു കേസെടുക്കാന്‍ കഴിയാതെ നടപടി അവസാനിപ്പിച്ചു. എന്നാല്‍, സുരേഷ് ഗോപിയുടെ കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്, തിരുവനന്തപുരത്താണ് ഉപയോഗിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഒരു വാഹനം ഡല്‍ഹിയിലേക്കും മറ്റൊന്ന് ബംഗളുരുവിലേക്കും മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.