കരുവാരക്കുണ്ട്- കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് തത്സമയ പരിഭാഷ നൽകി ഗവൺമെന്റ് സ്‌കൂൾ വിദ്യാർഥിനി. കരുവാരക്കുണ്ട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സഫയാണ് രാഹുലിന്റെ പ്രസംഗത്തിന് പരിഭാഷ നിർവഹിച്ചത്. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു രാഹുൽ. പ്രസംഗം തുടങ്ങിയ ശേഷം ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കുമോ എന്ന രാഹുലിന്റെ ചോദ്യത്തിന് സഫ തന്നെയാണ് സദസിൽനിന്ന് കൈ പൊക്കിയത്. തുടർന്ന് വേദിയിലെത്തിയ സഫ ഗംഭീര പ്രകടനം പുറത്തെടുക്കുകയായിരുന്നു.
തന്റെ കൂട്ടുകാർക്ക് കൂടി മനസിലാകുന്ന രൂപത്തിലായിരുന്നു സഫയുടെ പരിഭാഷ. there is no foolish question or wrong question എന്ന രാഹുലിന്റെ പ്രസംഗത്തിന് മണ്ടൻ ചോദ്യമെന്നോ പൊട്ടചോദ്യമെന്നോ ഒരു സംഭവമില്ല എന്നായിരുന്നു സഫയുടെ പരിഭാഷ. പരിഭാഷ രാഹുലിനും ഏറെ ഇഷ്ടമായി. ചോക്ലേറ്റ് നൽകിയാണ് സഫയെ രാഹുൽ യാത്രയാക്കിയത്.