റിയാദ് - ബാങ്കുകളിൽനിന്ന് പണം കൊണ്ടുപോകുന്നതിനും ബാങ്കുകളിലേക്ക് പണം എത്തിക്കുന്നതിനുമുള്ള കവചിത വാഹനങ്ങളും പണം സൂക്ഷിക്കുന്ന ബോക്‌സുകളും കവർച്ച ചെയ്യുന്നത് തടയാനും എ.ടി.എമ്മുകളിൽ നിന്ന് പണം മോഷ്ടിക്കുന്നത് ഇല്ലാതാക്കാനും ലക്ഷ്യമിട്ട് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമ ഭേദഗതി.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വ്യവസായ സുരക്ഷാ അതോറിറ്റിയാണ് പണവും അമൂല്യ ലോഹങ്ങളും വില പിടിച്ച രേഖകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതികൾ വരുത്തിയത്. ഇത്തരം കേസുകളിലെ പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്യാനും മോഷ്ടിക്കപ്പെടുന്ന പണം സൂക്ഷിക്കുന്ന സ്ഥലങ്ങൾ നിർണയിക്കാനും കവർച്ചകൾ നടന്നാലുടൻ പ്രത്യേക തരം മഷി ഉപയോഗിച്ച് കറൻസി നോട്ടുകൾ ഉപയോഗ ശൂന്യമാക്കി മാറ്റാനും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നു.
ബാങ്കുകളിൽനിന്ന് പണം നീക്കം ചെയ്യുന്നതിന്റെ കരാറുകളേറ്റെടുക്കുന്ന കമ്പനികൾ പുതിയ ഭേദഗതികൾ നടപ്പാക്കാൻ നിർബന്ധിതമായിരിക്കും. പണം സൂക്ഷിക്കുന്ന ബോക്‌സുകൾ സാറ്റലൈറ്റുകളോ ജി.പി.എസോ മുഖേന ട്രാക്കിംഗ് സംവിധാനത്തിലൂടെ നിരീക്ഷിക്കുന്ന രീതി കമ്പനികൾ നടപ്പാക്കണമെന്ന് ഭേദഗതി ആവശ്യപ്പെടുന്നു.
കവചിത വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും സൗദി അറേബ്യക്കകത്ത് നിർമിക്കുന്നതിനും വിൽപന നടത്തുന്നതിനും പൊതുസുരക്ഷാ വകുപ്പിന്റെ മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണ്.
മോഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പ്രത്യേക വിഷരഹിത മഷി ഉപയോഗിച്ച് നോട്ടുകൾ ഉപയോഗ ശൂന്യമാക്കി മാറ്റുന്ന സംവിധാനവും പണം സൂക്ഷിക്കുന്ന ബോക്‌സുകളിൽ ഏർപ്പെടുത്തണമെന്ന് പുതിയ വ്യവസ്ഥകൾ ആവശ്യപ്പെടുന്നതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.
ഓരോ കവചിത വാഹനത്തിനും പൊതുസുരക്ഷാ വകുപ്പ് പ്രത്യേകം ലൈസൻസ് അനുവദിക്കും. പണം നീക്കം ചെയ്യാൻ ഉപയോഗിക്കുന്നതിന് വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളും പ്രാദേശികമായി നിർമിക്കുന്ന വാഹനങ്ങളും പ്രത്യേക ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് അനുസൃതമായ കവചിത വാഹനങ്ങളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ബാങ്കുകളിൽനിന്ന് പണം നീക്കം ചെയ്യുന്ന വാഹനങ്ങളും എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കുന്നതിന്റെ കരാറേറ്റെടുത്ത സെക്യൂരിറ്റി കമ്പനികൾക്കു കീഴിലെ കവചിത വാഹനങ്ങളും കവർച്ച ചെയ്യപ്പെട്ട നിരവധി സംഭവങ്ങൾ സമീപ കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോഷ്ടാക്കൾക്കു മുന്നിൽ വഴിയടക്കുന്നതിന് ശ്രമിച്ച് പണം നീക്കം ചെയ്യുന്ന ബോക്‌സുകൾക്കും വാഹനങ്ങൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നത്.