ബീശ - ബീശ, ഖമീസ് മുഷൈത്ത് റോഡിൽ സ്വമഖിൽ സ്‌കൂൾ വാനും പിക്കപ്പും കൂട്ടിയിടിച്ച് വിദ്യാർഥിനി മരണപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗേൾസ് സ്‌കൂൾ വിദ്യാർഥിനികൾക്ക് യാത്രാ സൗകര്യം നൽകുന്ന സ്വകാര്യ കരാറുകാരനു കീഴിലെ വാനാണ് അപകടത്തിൽ പെട്ടത്.
കത്‌ന എലിമെന്ററി സ്‌കൂൾ വിദ്യാർഥിനികൾ സഞ്ചരിച്ച വാനും സ്വമഖ് സെക്കണ്ടറി സ്‌കൂൾ വിദ്യാർഥി സഞ്ചരിച്ച പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. നാലു വിദ്യാർഥിനികൾക്കും വാൻ ഡ്രൈവർക്കും പിക്കപ്പ് ഡ്രൈവറായ വിദ്യാർഥിക്കുമാണ് പരിക്ക്. പരിക്കേറ്റവരെ ബീശ കിംഗ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിമെന്ററി ആറാം ക്ലാസിൽ പഠിച്ചിരുന്ന സൗദി വിദ്യാർഥിനി വഅദ് മുഹമ്മദ് അൽശഹ്‌റാനിയാണ് അപകടത്തിൽ മരിച്ചത്.