കൊല്ലം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് കാഴ്ച ലഭിക്കാന്‍ മന്ത്രവാദം നടത്തി ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ ഓച്ചിറ പോലീസ് അന്വേഷണം തുടങ്ങി. ഇതു സംബന്ധിച്ച ഡി.വൈ.എഫ്.ഐയുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പുതുപ്പള്ളി സ്വദേശിയായ കാഴ്ച വൈകല്യമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് 45 ദിവസം നീണ്ടുനിന്ന മന്ത്രവാദ പൂജകള്‍ക്ക് ആലുംപീടികയില്‍ വാടകയ്ക്കു താമസിക്കുന്ന ശാന്തിക്കാരനായ പ്രസാദ് കുട്ടന്‍ എന്നയാള്‍ വിധേയമാക്കിയതെന്ന് പരാതിയില്‍ പറയുന്നു. ആലുംപീടികക്കു സമീപമുള്ള ക്ഷേത്രത്തിലെ പൂജാരിയാണ് പ്രസാദ്. കുട്ടിക്ക് പൂര്‍ണ കാഴ്ചശക്തി തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിച്ച് കുട്ടിയുടെ മാതാവില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയതായി പരാതിയില്‍ പറയുന്നത്.
45-ാം ദിവസത്തെ കണ്ണുകെട്ടിയുള്ള പൂജകള്‍ക്ക് ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സാക്ഷികളായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. നേരിയ തോതില്‍ കാഴ്ചയുണ്ടായിരുന്ന കുട്ടിയുടെ സമീപം ചെന്ന് മന്ത്രവാദി തന്നെ കാണാന്‍ കഴിയുന്നോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്ന് കുട്ടി പറഞ്ഞതോടെ ഇയാള്‍ തന്റെ പൂജ വിജയിച്ചതായി പ്രഖ്യാപിച്ചു.
വീട്ടിലെത്തിയ ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായും കാഴ്ച കിട്ടി എന്നത് തട്ടിപ്പാണെന്നും മനസ്സിലായതോടെ മന്ത്രവാദിയുടെ വീട്ടിലെത്തി ബന്ധുക്കള്‍ ചോദ്യം ചെയ്തു. പരാതി സ്വീകരിച്ച പോലീസ് കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.