കൊച്ചി- യുവ നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി പത്തനംതിട്ട മൈലപ്ര സ്വദേശി സനിൽകുമാറിനെ (44) അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം നാലു മാസമായി സനിൽകുമാർ ഒളിവിലായിരുന്നു.
കേസിലെ ഒന്നാംപ്രതി സുനിൽകുമാറിന് (പൾസർ സുനി) കാക്കനാട് ജില്ലാ ജയിലിൽ മൊബൈൽ ഫോൺ എത്തിച്ച് നൽകിയത് സനിലായിരുന്നു. ഈ ഫോൺ ഉപയോഗിച്ചാണ് പണം ആവശ്യപ്പെട്ട് നടൻ ദിലീപിനെ വിളിച്ചത്. രണ്ടര മാസമായി സനിൽകുമാർ പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയായിരുന്നു. ഇതിനിടെ ഒരു സ്ത്രീയെ വിവാഹവും കഴിച്ചു. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ കളമശ്ശേരിയിൽ പോക്സോ കേസിലും പ്രതിയായി. ഈ കേസിൽ അറസ്റ്റ് ഭയന്നാണ് കോടതിയിൽ ഹാജരാകാതെ മുങ്ങിയത്. എറണാകുളം അഡീഷണൽ സ്പെഷൽ സെഷൻസ് കോടതി സനിലിനെ പിടികൂടി ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു.
ചൊവ്വാഴ്ച നടിയെ ആക്രമിച്ച കേസ് പരിഗണിച്ച കോടതി, ജാമ്യക്കാരോട് 11 നകം സനിലിനെ എത്തിക്കാനും നിർദേശിച്ചിരുന്നു. ഇല്ലെങ്കിൽ 80,000 രൂപ വീതം പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച രാവിലെ സനിലിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ ആലുവ സബ്ജയിലിലേക്ക് മാറ്റി.