Sorry, you need to enable JavaScript to visit this website.

നിതാഖാത്ത്: സൗദിയില്‍ അടുത്ത മാസം മുതൽ മഞ്ഞ വിഭാഗം സ്ഥാപനങ്ങളില്ല

ചുവപ്പിലേക്ക് മാറ്റും -ജനുവരി 26 മുതൽ പ്രാബല്യം

റിയാദ്- സ്വകാര്യ മേഖലക്ക് ബാധകമായ സൗദിവൽക്കരണ ഉത്തേജന പദ്ധതിയായ നിതാഖാത്തിൽ അടുത്ത മാസം മുതൽ മഞ്ഞ വിഭാഗം സ്ഥാപനങ്ങളുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് അറിയിച്ചത്. മഞ്ഞ വിഭാഗം സ്ഥാപനങ്ങളെ ചുവപ്പിലേക്ക് മാറ്റി ചുവപ്പ് വിഭാഗം സ്ഥാപനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ബാധകമാക്കുകയാണ് ചെയ്യുക. പുതിയ തീരുമാനം അടുത്ത ജനുവരി 26 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 


സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 2011 ലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിതാഖാത്ത് നടപ്പാക്കിയത്. സൗദിവൽക്കരണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ ആറു വിഭാഗങ്ങളായി നിതാഖാത്ത് തരംതിരിക്കുന്നു.

നിശ്ചിത ശതമാനം സൗദിവൽക്കരണം നടപ്പാക്കാതെ ചുവപ്പിലാകുന്ന സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്ന് ഒരു സേവനങ്ങളും ലഭിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റും ഇഖാമയും പുതുക്കുന്നതിനും സാധിക്കില്ല. ചുവപ്പ് സ്ഥാപനങ്ങളിലെ തൊഴിലാളികളെ തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോൺസർഷിപ്പ് മാറുന്നതിന് അനുവദിക്കും. 


വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


മഞ്ഞ വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പെർമിറ്റും ഇഖാമയും പുതുക്കുന്നതിനും നിയന്ത്രണങ്ങൾ ബാധകമായിരുന്നു. എങ്കിലും സ്ഥാപനങ്ങൾക്ക് പ്രവർത്തനം തുടരുന്നതിന് വലിയ തടസ്സമുണ്ടായിരുന്നില്ല. ഈ ആനുകൂല്യം എടുത്തു കളയുന്നതിനാണ് പുതിയ തീരുമാനം.

ഇതോടെ നിലവിൽ മഞ്ഞ വിഭാഗത്തിലുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് കടുത്ത പ്രതിസന്ധിയിലാകും. കൂടുതൽ സൗദിവൽക്കരണം നടപ്പാക്കി ഉയർന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയം കൂടുതൽ സേവനങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്.

Latest News